കര്‍ഷകരുടെ ഐതിഹാസിക ലോങ് മാര്‍ച്ചിന് മുന്നില്‍ മുട്ടുമടക്കി ബിജെപി സര്‍ക്കാര്‍: ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചു

21

മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 180 കിലോമീറ്റര്‍ ലോങ് മാര്‍ച്ചായി എത്തിയ കര്‍ഷകരുടെ പ്രതിഷേധം ഒടുവില്‍ വിജയം കണ്ടു. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അടിയറവ് പറയുകയായിരുന്നു. കര്‍ഷക പ്രതിനിധികളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നടത്തിയ ചര്‍ച്ചയില്‍ ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. ആദിവാസികളുടെ ഭൂമി പ്രശ്നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

കര്‍ഷകരുടെ പരാതികളില്‍ രണ്ടുമാസത്തിനകം പരിഹാരം ഉണ്ടാക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകപ്രതിനിധികളെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എഴുതി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ചൊവ്വാഴ്ച ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചന. ഇതോടെ ആറു ദിവസം നീണ്ടുനിന്ന ചരിത്രസമരത്തിനു ശേഷം കര്‍ഷകര്‍ വിജയം കണ്ടിരിക്കുകയാണ്.

Advertisements

ആദിവാസി മേഖലയില്‍ വിവാദമായഭൂമി ഏറ്റെടുക്കല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറുമാസത്തിനുള്ളില്‍ പുതിയ ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചക്കായിരുന്നു കര്‍ഷക നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 12 പേരടങ്ങുന്ന കര്‍ഷകസംഘമാണ് ആറംഗ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

കര്‍ഷകരുടെ 90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം കാണുമെന്നും, ഉറപ്പുകള്‍ എഴുതി നല്‍കുമെന്നും മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. ”കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അവരുമായി ചര്‍ച്ച ചെയ്ത് 80-90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കും. അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

Advertisement