കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി, ഇനിയും അറസ്റ്റിന് സാധ്യത: പറശ്ശിനിക്കടവില്‍ 16കാരിയെ പീഡിപ്പിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

32

കണ്ണൂര്‍: പറശ്ശിനിക്കടവ് ലോഡ്ജില്‍ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരം പുറത്തുവന്നതോടെ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

തളിപറമ്പ്‌ പോലീസ് സ്‌റ്റേഷന് പുറമെ പഴയങ്ങാടി, കുടിയാന്മല പോലീസ് സ്‌റ്റേഷനിലും പെണ്‍കുട്ടിയെ കൂട്ടമായി മാനഭംഗപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. വളപട്ടണത്ത് ആറോളം കേസുകളും രജിസ്റ്റര്‍ ചെയ്തു.

Advertisements

സംഭവത്തില്‍ അഞ്ചു പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രണ്ടുപേരുടെ അറസ്റ്റുകൂടി പോലീസ് രേഖപ്പെടുത്തി. അഞ്ചോളം പേര്‍ കസ്റ്റഡിയിലുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാളെ കണ്ണൂര്‍ വനിതാ പോലീസ് അറസ്റ്റുചെയ്തു. ഡിവൈഎസ്പി. കെവി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വിവിധ ടവര്‍ ലോക്കേഷനുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ലോഡ്ജില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ 19 പേര്‍ പീഡിപ്പിച്ച വിവരമാണ് പുറത്തുവന്നത്. ഇതില്‍ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവും ഉണ്ട്. ഇയാളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ലോഡ്ജിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഈ സംഭവം വിവാദമായിട്ടുണ്ട്. 20ല്‍ ഏറെ തവണ പെണ്‍കുട്ടിയുടെ പിതാവടക്കം കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ്. മാട്ടൂല്‍ സ്വദേശി കെവി സന്ദീപ് (30), നടുവിലിലെ സിപി ഷംസുദ്ദീന്‍ (37), ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി വിസി ഷബീര്‍ (36), നടുവിലെ കെവി അയൂബ് (32), പറശിനിക്കടവ് പാര്‍ക്ക് ടൂറിറ്റ്‌ഹോം മാനാജര്‍ കെ. പവിത്രന്‍ (38) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. തളിപറമ്പ്‌ പോലീസ് വ്യാഴാഴ്ച മാട്ടൂല്‍ നോര്‍ത്തിലെ തോട്ടത്തില്‍ വീട്ടില്‍ ജിതിന്‍ (30), വടക്കാഞ്ചേരി ഉഷസില്‍ വൈശാക് (25) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

പഴയങ്ങാടി പോലീസ് നാല് കേസുകളും എടക്കാട് ഒന്നും കുടിയാന്മലയില്‍ ഒരു കേസുമാണ് കൂട്ടപീഡനത്തിന് രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്ഐ. കെ ദിനേശന്‍, എസ്ഐ. ബി ദിനേശന്‍, എഎസ്ഐമാരായ അനില്‍ബാബു, ഗണേശന്‍, സിപിഒ. സുരേഷ് കക്കറ, കെവി രമേശന്‍, കെ സിന്ധു, സത്യന്‍ ബിനീഷ്, ജയശ്രീ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

അതിനിടെ പെണ്‍കുട്ടിയുടെ സുഹൃത്ത് നല്കിയ പരാതിയില്‍ കണ്ണൂര്‍ വനിതാ പോലീസ് കരിങ്കല്‍കുഴി സ്വദേശി ആദര്‍ശിനെ അറസ്റ്റുചെയ്തു. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

അഞ്ജന എന്ന സ്ത്രീയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചു ഒരു യുവാവാണ് പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തുന്നത്. പീഡന വിവരം പുറത്തായതോടെ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ശേഷം രണ്ടര മണിവരെ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം തളിപ്പറമ്ബ് ഗവ.താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രി തളിപ്പറമ്ബ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് മൊഴി രേഖപ്പെടുത്തിയത്. പ്രമുഖര്‍ ഉള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചവരില്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

തിങ്കളാഴ്ച രാത്രി സംഭവത്തില്‍ കേസെടുത്ത ഉടന്‍ തന്നെ തളിപ്പറമ്ബ് ഡിവൈഎസ്പി കെവി വേണുഗോപാലിന്റെയും സ്‌ക്വാഡ് അംഗങ്ങളുടേയും സമര്‍ത്ഥമായ നീക്കത്തിലൂടെ പ്രധാനപ്രതികളെ പിടികൂടിയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് പ്രതികളുടെ ഇന്നോവ കാറിനെ പിന്തുടര്‍ന്നാണ് പോലീസ് പറശിനിക്കടവ് പോളാരിസ് ഹോട്ടലിന് സമീപത്ത് വച്ച്‌ പ്രതികളില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തത്.

നവംബര്‍ 26 ന് പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഒരു ഫോണ്‍കോളില്‍ നിന്നായിരുന്നു സംഭവത്തിന്റെ തുടക്കം. സഹോദരിയുടെ നഗ്‌നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പണവുമായി എത്താനും നിര്‍ദേശിച്ചിരുന്നു.

ഇത് പ്രകാരം 27 ന് രാത്രി ഷൊര്‍ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. ഇവിടെ കാത്തുനിന്ന മൂന്നംഗസംഘം വീഡിയോ കാണിച്ചപ്പോള്‍ അവരോട് കയര്‍ത്ത ഇയാളെ ആറംഗസംഘം ഭീകരമായി മര്‍ദിച്ചശേഷം ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങള്‍ ചോദിക്കുകയും, തുടര്‍ന്ന് അമ്മയും സഹോദരികുമൊപ്പം ചെന്ന് കണ്ണൂര്‍ വനിതാസെല്‍ സിഐക്ക് പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ സംഭവം നടന്നത് തളിപ്പറമ്ബ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് തളിപ്പറമ്ബ് പോലീസിന് റഫര്‍ ചെയ്യുകയായിരുന്നു.

Advertisement