റോയല്‍ എന്‍ഫീല്‍ഡിന്റെ രാജാപട്ടം തെറിപ്പിക്കാനെത്തുന്ന ജാവ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

26

1960 -70 കാലഘട്ടത്തില്‍ നിരത്തിലെ രാജാക്കന്മാരായിരുന്നു ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ ഇന്ത്യയിലേക്ക് പുതിയ മൂന്ന് മോഡലുകളുമായി തിരിച്ചെത്തിയിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ ജാവ പുറത്തിറക്കിയിരിക്കുന്നത്.

ബ്രാന്‍ഡ്

Advertisements

ഇന്ത്യന്‍ വിപണിയിലേക്ക് എതാര്‍ത്ഥ ഇതിഹാസം തിരിച്ചുവരുന്നുവെന്നാണ് വിപണിയില്‍ പണിയറിയുന്നവര്‍ ജാവയെ കുറിച്ച് പറയുന്നത്. ആനന്ദ് മഹീന്ദ്ര, അനുപം തരേജ, ബോമോന്‍ ഇറാനി എന്നിവരുടെ നേതൃത്വത്തില്‍ 60 ശതമാനം ഓഹരി സ്വന്തമാക്കിയാണ് ചെക്ക് കമ്പനിയുടെ ജാവ ഇന്ത്യയിലേക്ക് വീണ്ടുമെത്താന്‍ അവസരമൊരുങ്ങിയത്. മഹീന്ദ്ര കമ്പനിയായ ക്ലാസിക്ക് ലെജന്‍ഡ്‌സാണ് ജാവ ഇന്ത്യന്‍ നിരത്തുകളെ ത്രസിപ്പിക്കാനെത്തുന്നത്.

ഇരുചക്ര വാഹന വിപണിയില്‍ കണ്ണ് വെച്ചുള്ള നീക്കമാണ് മഹീന്ദ്ര നടത്തിയിരിക്കുന്നത്. അതും എതിരാളികളില്ലാതെ വിലസിയിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി ലക്ഷ്യം വെച്ച്. വിവിധ അന്താരാഷ്ട്ര ടീമുകളും ക്ലാസിക് ലെജന്റ് ഇന്ത്യന്‍ ടീമും ചേര്‍ന്നാണ് ജാവ നിര്‍മിക്കുന്നത്. മഹിന്ദ്രയുടെ പിത്താംപൂര്‍ പ്ലാന്റില്‍ നിര്‍മ്മാണം.

മോഡലുകള്‍

കഴിഞ്ഞ ദിവസം പുറത്തിറക്കിയ മൂന്ന് മോഡലുകള്‍ ജാവ (1.64 ലക്ഷം രൂപ), ജാവ 42 (1.55 ലക്ഷം രൂപ), പെരക് (1.89 ലക്ഷം രൂപ) എന്നിവയാണ്. ജാവ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ രണ്ടാം രംഗപ്രവേശത്തില്‍ ജാവ എന്ന് ഒരു മോഡലിന് പേരിട്ടിരിക്കന്നു. ഇന്ത്യന്‍ നിരത്തുകളില്‍ ഹൃദയസ്പന്ദനമായിരുന്ന ജാവ 250 എ ടൈപ്പിന്റെ പ്രചോദനം ഇന്നും ഇന്ത്യന്‍ വിപണിയിലുണ്ടെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

ജാവ 42 നഗര ആധുനിക തീമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാറ്റ് ബ്ലാക്ക് നിറമാണ് ഹൈലൈറ്റ്. റെട്രോ സ്‌റ്റൈല്‍ ഹെഡ്‌ലൈറ്റും ഓഫ്‌സെറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 42വില്‍ കാണാം. മറ്റു രണ്ട് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാണ് പെരക്. ബോബര്‍ സ്‌റ്റൈലിലാണ് രൂപകല്‍പ്പന. സിംഗിള്‍ സീറ്ററായാണ് പെരാക്കിന്റെ പ്രദര്‍ശനം നടന്നത്. വളരെ വ്യത്യസ്തമായ ടൂള്‍ബോക്‌സ് ഡിസൈന്‍. 2019 ആദ്യപാദത്തില്‍ ജാവ പെറാക്കിനെയും വിപണിയില്‍ പ്രതീക്ഷിക്കാം.

എഞ്ചിന്‍

ജാവ, ജാവ 42 എന്നീ മോഡലുകള്‍ക്ക് കമ്പനി അവതരിപ്പിക്കുന്ന 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, 27 യവു കരുത്തും 28 എന്‍എം ടോര്‍ക്കുമാണ്് പരമാവധി സൃഷ്ടിക്കുക. ഭാരത് സ്റ്റേജ് ആറ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനുമായി ആറു സ്പീഡ് ഗിയര്‍ബോക്സ് താളം കണ്ടെത്തും. 334 സിസി എഞ്ചിനാണ് ജാവ പെരാക്കില്‍. ബൈക്കിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്തായാലും മറ്റു രണ്ടു മോഡലുകളെ അപേക്ഷിച്ചു വലിയ എഞ്ചിനുണ്ടായിരിക്കും.

മഹീന്ദ്ര മോജോയുടെ എഞ്ചിന്‍ ആധാരമാക്കിയാണ് ജാവ എഞ്ചിനുകളുടെ നിര്‍മാണം. പഴയ ടൂ സ്ട്രോക്ക് ബൈക്കുകളുടെ ഗാംഭീര്യ ശബ്ദം അനുകരിക്കാന്‍ ഫോര്‍ സ്ട്രോക്ക് ജാവ എഞ്ചിനുകള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടൂ സ്ട്രോക്കുകളുടെ ചടുലത ഫോര്‍ സ്ട്രോക്കുകള്‍ക്ക് ഇപ്പോഴും കിട്ടാക്കനിയാണ്.

ലുക്ക്

1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവെന്നതാണ് ഏറെ ശ്രദ്ധേയം. ആധുനികതയും പരമ്പരാഗത ലുക്കും ചേര്‍ത്തിണക്കാണ് പുതിയ ബൈക്കിന്റെ രൂപകല്‍പ്പന എന്നാണ് മഹീന്ദ്രയുടെ അവകാശവാദം. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്‌പോക്ക് വീല്‍ എന്നിവയ്ക്കൊപ്പം പഴയ ജാവയുടെ മെറൂണ്‍ നിറത്തിലാണ് ജാവ അവതരിച്ചത്. ഡിസൈനുകളില്‍ ജാവയും ജാവ 42 മോഡലുകള്‍ തുല്യരാണ്. 170 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. 765 എംഎം ആണ് സീറ്റുകളുടെ ഉയരം. വീല്‍ബേസ് 1369 എംഎം. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

മെറൂണിനൊപ്പം ഗ്രേ, ബ്ലാക്ക് നിറങ്ങളിലും ജാവ വിപണിയിലെത്തും. ഗ്ലോസി മെറ്റാലിക് റെഡ്, ഗ്ലോസി ഡാര്‍ക്ക് ബ്ലൂ, മാറ്റ് മോസ് ഗ്രീന്‍, മാറ്റ് പാസ്റ്റല്‍ ബ്ലൂ, മാറ്റ് പാസ്റ്റല്‍ ലൈറ്റ് ഗ്രീന്‍, മാറ്റ് ബ്ലൂ എന്നീ ആറ് നിറങ്ങളിലാണ് ജാവ 42 എത്തുന്നത്.

വില്‍പ്പന

ജവയുടെയും ജാവ 42വിന്റെയും ബുക്കിംഗ് കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ആരംഭിച്ചുകഴിഞ്ഞു. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ഡീലര്‍മാര്‍ ഉപയോക്താക്കള്‍ക്ക് വാതില്‍ തുറക്കും. നിലവില്‍ 105 ഡീലര്‍മാരാണ് കമ്പനിക്കുള്ളത്. ഇതില്‍ 64 എണ്ണം രൂപീകരണത്തിലാണ്. ഒന്നാംനിര രണ്ടാം നിര നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഡീലര്‍ഷിപ്പുകളെന്നാണ് സൂചന.

Advertisement