ചരിത്രജയവുമായി ജപ്പാന്‍; ഞെട്ടിത്തരിച്ച് കൊളംബിയ

10

മോര്‍ഡോവിയ അറീന:ലോകകപ്പ് ഫുഡ്‌ബോളില്‍ ഗ്രൂപ്പ് എച്ചിലെ ജപ്പാന്‍-കൊളംബിയ പോരാട്ടത്തില്‍ അട്ടിമറിയുമായി ജപ്പാന്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ കൊളംബിയയെ തകര്‍ത്തുവിട്ടത്.

6ാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ ജപ്പാന്‍ കളിയിലുടനീളം മികച്ചുനിന്നു. ആദ്യപകുതി അവസാനിക്കുന്നതിനു മുന്‍പ് തിരിച്ചടിച്ച കൊളംബിയ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും രണ്ടാം പകുതിയില്‍ ജപ്പാന്‍ ലീഡ് സ്വന്തമാക്കി.

Advertisements

ഷിന്‍ജി കഗാവയാണ് ആദ്യമിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ജപ്പാന് വ്യക്തമായ ആധിപത്യം നല്‍കിയത്. ഗോള്‍ വീണതോടെ വര്‍ധിത വീര്യത്തോടെ പൊരുതിയ ജപ്പാന്‍ നിരന്തരം കൊളംബിയന്‍ ഗോള്‍മുഖത്ത് ഭീതി സൃഷ്ടിച്ചു.

ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഫെര്‍ണാണ്ടോ ക്വിന്റെറോയിലൂടെ കൊളംബിയ തിരിച്ചടിച്ചു. സമനിലയിലായതോടെ ഇരുടീമുകളും ലീഡിനായി നിരന്തരം പൊരുതി.

73ാം മിനിറ്റിലാണ് ജപ്പാന്റെ വിജയഗോള്‍ പിറന്നത്. യുയ ഒസാകോയുടെ മനോഹരമായ ഗോളാണ് ജപ്പാന് വിജയം സമ്മാനിച്ചത്.

ചരിത്രത്തിലാദ്യമായാണ് ഒരു ഏഷ്യന്‍ ടീം ലാറ്റിനമേരിക്കന്‍ ടീമിനെ ലോകകപ്പില്‍ പരാജയപ്പെടുത്തുന്നത്. ജപ്പാന് ഇത് ആറാമത്തെ ലോകകപ്പാണ്. 2002ലും 2010ലും ക്വാര്‍ട്ടറിലെത്തിയ പാരമ്പര്യമുണ്ട് അവര്‍ക്ക്.

Advertisement