ആ രാത്രി സകലദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്ഥിച്ചു, വെള്ളമിറങ്ങി വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ചയില്‍ ചങ്ക് തകര്‍ന്നുപോയി; സങ്കടത്തോടെ ധര്‍മജന്‍ ബോള്‍ഗാട്ടി

42

കേരളത്തില്‍ ഇക്കഴിഞ്ഞ നാളുകളില്‍ അരങ്ങേറിയ പ്രളയത്തില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കൊച്ചിയിലുള്ള വീട്ടിലും വെള്ളം കയറിയിരുന്നു.വീട്ടില്‍ കഴുത്തറ്റം വെള്ളമാണെന്നും അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നുമാണ് ധര്‍മജന്‍ അതില്‍ പറഞ്ഞിരുന്നത്.

പിന്നീട് താനും കുടുംബവും രക്ഷപെട്ടെന്നും സഹായിച്ചവര്‍ക്ക് നന്ദിയെന്നും അറിയിച്ച് വീണ്ടും ധര്‍മജന്‍ ലൈവില്‍ എത്തിയിരുന്നു. പിന്നീട് വിവിധ ഇടങ്ങളിലെ ദുരാതാശ്വാസ പ്രവര്‍ത്തനങ്ങള്ഡക്കും ധര്‍മജന്‍ മുമ്പിലുണ്ടായിരുന്നു.

Advertisements

ഇപ്പോഴിതാ പ്രളയക്കെടുതിയില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ വിവരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി എത്തിയിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് ധര്‍മജന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചത്.

ധര്‍മ്മജന്റെ വാക്കുകള്‍ ഇങ്ങനെ…

മുളവുകാടായിരുന്നു എന്റെ തറവാട് വീട്. ഓടിട്ട ആ വീട്ടില്‍ മഴക്കാലമാകുമ്പോള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങും. നമ്മള്‍ പാത്രം ഒക്കെ വച്ച് ചോരുന്ന കൂരയ്ക്ക് കീഴില്‍ ഇരിക്കും. അതില്‍ ഒതുങ്ങിയിരുന്നു പണ്ടത്തെ എന്റെ മഴക്കാല ദുരിതങ്ങള്‍. പക്ഷേ ഇത്തവണത്തെ പ്രളയം എല്ലാം മാറ്റിമറിച്ചു.

സിനിമയില്‍ സജീവമായി തുടങ്ങിയ ശേഷം ലഭിച്ച പണം കൊണ്ട് നാലു വര്‍ഷം മുന്‍പാണ് വരാപ്പുഴയില്‍ ഞാന്‍ പുതിയ വീട് വയ്ക്കുന്നത്. കനത്ത മഴക്കാലത്ത് പോലും വീട്ടില്‍ വെള്ളം കയറിയ അനുഭവം സമീപവീട്ടുകാരുടെ ഓര്‍മയിലും ഇല്ല.

മനുഷ്യന്‍ പെട്ടെന്ന് ഒന്നുമല്ലാതായി പോകുന്ന ഒരനുഭവമായിരുന്നു ഈ പ്രളയം. അത് മനസ്സിലാക്കണമെങ്കില്‍ അത് അനുഭവിക്കുക തന്നെ വേണം. 14 നു രാവിലെ തന്നെ കനത്ത മഴ തുടങ്ങിയിരുന്നു. അടുത്ത ദിവസം ഉച്ചയായപ്പോഴേക്കും റോഡില്‍ വെള്ളം കയറി തുടങ്ങി.

അപ്പോഴും വീട്ടില്‍ വെള്ളം കയറില്ല എന്ന പ്രതീക്ഷയായിരുന്നു. ഇരുട്ടി തുടങ്ങിയതോടെ ഓരോ മിനിട്ടിലും വെള്ളം ഉയര്‍ന്നു തുടങ്ങി. മുറ്റത്തേക്ക് ഇറങ്ങി നോക്കി. കഴുത്തറ്റം വെള്ളം! ഇത് പന്തികേടാകുമെന്നു തോന്നി, ഉടന്‍ വീട്ടുകാരെയും കൊണ്ട് മുകള്‍നിലയിലേക്ക് മാറി.

രാത്രിയായതോടെ സമീപ വീടുകളില്‍ നിലവിളിയായി. രണ്ടു ദിവസമായി കറന്റ് ഇല്ലാത്തതു കാരണം ഫോണും സ്വിച്ച് ഓഫ് ആകാറായി. മുറ്റത്തു പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാനോ, താഴത്തെ നിലയിലെ സാധനങ്ങള്‍ മാറ്റി വയ്ക്കാനോ ഉളള സമയം പോലും കിട്ടിയില്ല.

ഇടയ്ക്ക് താഴേക്കിറങ്ങി നോക്കിയപ്പോള്‍ ഹാള്‍ നിറയെ വെള്ളം. രാത്രിയായപ്പോഴേക്കും വള്ളത്തില്‍ രക്ഷാപ്രവര്‍ത്തകരെത്തി സമീപവീടുകളില്‍ നിന്നും ആളുകളെ രക്ഷിച്ചു തുടങ്ങി. അവര്‍ തിരിച്ചു വരുന്നതും നോക്കി നമ്മള്‍ കാത്തിരുന്നു. മണിക്കൂറുകള്‍ കടന്നു പോയി. ആരെയും കാണുന്നില്ല.

ഇനി എല്ലാവരെയും രക്ഷപ്പെടുത്തി എന്ന് കരുതി അവര്‍ പോയതായിരിക്കുമോ എന്ന് മനസ്സ് മന്ത്രിച്ചു. സകല ദൈവങ്ങളെയും പ്രാര്‍ഥിച്ചു. ഭാര്യയും അമ്മയും കുട്ടികളുമെല്ലാം പേടിച്ചു പോയിരുന്നു. ഞങ്ങളുടെ പ്രാര്‍ഥന കേട്ടിട്ടെന്ന പോലെ രാത്രി ഏകദേശം ഒന്‍പതു മണിയായപ്പോഴേക്കും ഒരു വള്ളത്തില്‍ ആളുകളെത്തി.

വീട്ടില്‍ ശബ്ദം കേട്ട് അവര്‍ മുറ്റത്തേക്ക് ബോട്ട് കയറ്റി. ഞങ്ങള്‍ കയറിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ ധര്‍മജനാണെന്നു അവര്‍ക്ക് മനസ്സിലായത്. രണ്ടു ദിവസം ഭാര്യയുടെ വീട്ടില്‍ താമസിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായിട്ട് വീടിനടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസം. ഇവിടെ നിന്നും പോയി വീട് വൃത്തിയാക്കാനും സൗകര്യമാണ്.

വെള്ളം ഇറങ്ങിക്കഴിഞ്ഞു വീട്ടില്‍ തിരിച്ചു പോയി നോക്കി. വാതില്‍ തുറന്നപ്പോള്‍ ലഭിച്ച അവാര്‍ഡുകളും പ്രശസ്തിപത്രവുമൊക്കെ ഒഴുകിനടക്കുന്നു. അതുകണ്ടപ്പോള്‍ ചങ്ക് തകര്‍ന്നുപോയി. താഴത്തെ ഫര്‍ണിച്ചറുകള്‍ എല്ലാം ചെളിയടിഞ്ഞു നശിച്ചു. കാറും വെള്ളം കയറി ഉപയോഗശൂന്യമായി. ചുറ്റുപാടും കനത്ത ദുര്‍ഗന്ധവും.

കഴിഞ്ഞ മൂന്ന് ദിവസമായി വൃത്തിയാക്കല്‍ നടക്കുകയാണ്. ഇപ്പോള്‍ നാലു പ്രാവശ്യം വീട് വൃത്തിയാക്കിക്കഴിഞ്ഞു. എന്നിട്ടും ദുര്‍ഗന്ധം പൂര്‍ണമായി മാറിയിട്ടില്ല. രണ്ടു ദിവസത്തിനുള്ളില്‍ താമസം മാറാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. കുറച്ചു നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് ഞാനും കുടുംബവും.

നമ്മുടെ സമീപപ്രദേശങ്ങളിലൊക്കെ ഉള്ളതൊക്കെ കൂട്ടിവെച്ച് പണിത വീടുകള്‍ തകര്‍ന്നു പോയവര്‍ നിരവധിയുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുണ്ട്. ഞാന്‍ കുറച്ചു ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. വളരെ വിഷമമുള്ള കാഴ്ചയാണത്. എല്ലാം പെട്ടെന്ന് ശരിയാകട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു. ധര്‍മജന്‍ പറയുന്നു.

Advertisement