മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ കേരളത്തെ രക്ഷിക്കാം: മുഖ്യമന്ത്രി പിണറായി വിജയന്‍

16

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാന്‍ മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ശമ്പളം ഒറ്റയടിക്ക് നല്‍കണമെന്നല്ല പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകത്തെവിടേയും മലയാളികളുണ്ട്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ എന്നാലോചിക്കണം. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം നല്‍കണം. അങ്ങനെ നല്‍കിയാല്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ ശമ്പളം നല്‍കാനാകും. അത് നല്‍കാന്‍ കഴിയുമോയെന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു.

Advertisements

ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തകരുന്നതിന് മുമ്പുള്ള കേരളമല്ല നമ്മുടെ ലക്ഷ്യം. മറിച്ച് പുതിയൊരു കേരളമാണ്. ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ അതെല്ലാം സാദ്ധ്യമാക്കാനുള്ള കരുത്ത് മലയാളികള്‍ക്കുണ്ടെന്നാണ് കരുതുന്നത്.

ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. ചില വീടുകള്‍ക്ക് ചെറിയ അറ്റകുറ്റപ്പണി മതിയാവും. വലിയ അറ്റകുറ്റപ്പണിവേണ്ട വീടുകളുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യും ഇതോടൊപ്പം ജനങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരേയും സര്‍ക്കാര്‍ ഒപ്പം നിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായ്പ ലഭ്യമാക്കുന്നതു പരിഗണിക്കുന്നുണ്ട്. പുനര്‍ നിര്‍മാണത്തിനായി ദേശീയ, രാജ്യാന്തര ഏജന്‍സികളുടെ സഹായം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം നേരിട്ട ദുരന്തത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാരിനു പൂര്‍ണബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വന്നു ദുരിതം നേരില്‍ക്കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ഉള്ളില്‍ത്തട്ടിയുള്ള അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ സ്വഭാവിക പ്രതികരണമുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നു തന്നെയാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യുഎഇ പ്രഖ്യാപിച്ച സഹായധനം 700 കോടി എന്നതല്ല തുകയെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് പറയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുക സംബന്ധിച്ച് ഇതുവരെ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നും പിണറായി പറഞ്ഞു. യുഎഇ പ്രഖ്യാപിച്ച വാഗ്ദാനത്തെക്കുറിച്ച്, തുക എത്രയാണെന്നതിനെ കുറിച്ച് ധാരണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഎഇയുടെ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി തുകയെക്കുറിച്ച് ധാരണയുണ്ടെന്ന് വ്യക്തമാക്കുന്നത്. ഇത്തരമൊരു കാര്യം ലോകത്തോട് ആദ്യം പറയാന്‍ യുഎഇ ഭരണാധികാരിയും നമ്മുടെ പ്രധാനമന്ത്രിയും തയ്യാറായിട്ടുണ്ട്. കേരളത്തിന് വേണ്ടി സഹായ വാഗ്ദാനം ലഭിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.യുഎഇയും പറഞ്ഞു. സാധാരണ നിലയ്ക്ക് അത് സ്വീകരിക്കാന്‍ പോകുന്നുവെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ആ പ്രതീക്ഷയില്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും. നമ്മുടെ നാട്ടില്‍ ചില പ്രത്യേക രീതികളുണ്ടല്ലോ. ഇത് ചോദിച്ചത് ഭരണാധികാരിയോടല്ലല്ലോ, അവര്‍ തമ്മില്‍ സംസാരിച്ച കാര്യം എന്താണെന്ന് അവര്‍ക്കല്ലേ അറിയാവു.തുകയുടെ അല്ലാ ഇവിടെ പ്രശ്‌നം, ആ സഹായം സ്വീകരിക്കാന്‍ തയ്യാറുണ്ടോ ഇതാണ് പ്രശ്‌നം, സഹായം സ്വീകരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ സഹായം നല്‍കാന്‍ അവര്‍ സന്നദ്ധരാണ്.

തുകയെക്കുറിച്ച് നമുക്കൊരു ധാരണയുണ്ട്. അതാണ് ഈ പറഞ്ഞുകേട്ടത്. അതല്ലാ എങ്കില്‍ കേന്ദ്ര ഗവണ്‍മെന്റാണ് പറയേണ്ടത്. 700 കോടി എന്ന് പറഞ്ഞത് ശരിയല്ല, 700 കോടി പറഞ്ഞിട്ടില്ല എന്ന് പറയട്ടെ, അങ്ങനെയൊരു വര്‍ത്തമാനം ഇതുവരെ വന്നിട്ടില്ലല്ലോ. ഒരു സൈഡിലൊരു ആശയക്കുഴപ്പം അവിടെ നിലനില്‍ക്കുന്നതാണ്. അത് പരിഹരിച്ച് പോകുമെന്നാണ് കരുതുന്നത്.

പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് 700 കോടിയുടെ സഹായം യുഎഇ വാഗ്ദാനം ചെയ്‌തെന്ന് വ്യവസായിയായ എം.എ യൂസഫലി അറിയിച്ചതായി മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.വിദേശ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങുന്നതിലുളള നിയമപരമായ തടസങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഈ സഹായം നിരസിച്ചു.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.വിവാദങ്ങള്‍ക്കിടെ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അറിയിച്ച് യുഎഇ അംബാസിഡറും ഇന്നലെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ യുഎഇ സഹായത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി വീണ്ടും പറഞ്ഞു.

Advertisement