ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടിയെന്ന് മുഖ്യമന്ത്രി

25

കൊച്ചി: പ്രളയബാധിതര്‍ക്കുള്ള സഹായധനം ഉടന്‍ നല്‍കണമെന്നും സര്‍ക്കാരിന് ദുരിതാശ്വസ ഫണ്ട് നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertisements

അടുത്ത ബാങ്ക് പ്രവൃത്തിദിനം മുതല്‍ തുക വിതരണം ചെയ്യുന്നതു തുടങ്ങണമെന്ന് കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ക്യാംപില്‍നിന്നു മടങ്ങുന്നവരുടെ അക്കൗണ്ടിലേക്കു 10,000 രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. അര്‍ഹര്‍ വിശദാംശങ്ങള്‍ റവന്യു അധികൃതരെ അറിയിക്കണമെന്നും മടങ്ങിയവര്‍ക്കും സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കിണറുകള്‍ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു.

ഇതിനുപുറമെ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്. വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തില്‍ നടക്കുന്നു. ഇനി 56,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് കണക്ഷന്‍ പുനഃസ്ഥാപിക്കാനുളളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ‘ദുരിതാശ്വാസത്തിന് സംഭാവന വലിയ തോതില്‍ പ്രവഹിക്കുന്നുണ്ടെന്നും എന്നാല്‍ ചില സ്ഥലങ്ങളില്‍ അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതികള്‍ വരുന്നുണ്ട്. സര്‍ക്കാരിന് ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും പൊലീസുമായി ബന്ധപ്പെട്ട് നടപടിയെടുക്കുകയും വേണമെന്ന് പിണറായി പറയുന്നു.

Advertisement