മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപ, ഒരുമാസം സൗജന്യറേഷന്‍, ബോട്ടും വലയും നഷ്ടമായവര്‍ക്കും സഹായം: ഓഖി ദുരന്തത്തില്‍ മുഖ്യമന്ത്രി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു

22

തിരുവനന്തപുരം: കേരളതീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതബാധിതര്‍ക്കായി മന്ത്രിസഭ അംഗീകരിച്ച സമഗ്ര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി .

Advertisements

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ പത്ത് ലക്ഷം രൂപയും മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 5 ലക്ഷം രൂപയും ബദല്‍ ജീവനോപാധിക്കായി ഫിഷറീസ് വകുപ്പില്‍ നിന്ന് 5 ലക്ഷം രൂപയും ചേര്‍ത്ത് 20 ലക്ഷം രൂപയാണ് നല്‍കുക. സഹായങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കും.

ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് ജോലിയെടുക്കാന്‍ കഴിയാത്തവിധം അവശരായവര്‍ക്ക് ബദല്‍ ജീവനോപാധിയായി 5 ലക്ഷം രൂപ നല്‍കും. നിലവില്‍ ഒരാഴ്ച നല്‍കിയ സൌജന്യ റേഷന്‍ ഒരുമാസത്തേക്ക് നീട്ടി. മുതിര്‍ന്നവര്‍ക്ക് ഒരു ദിവസത്തേക്ക് 60രൂപയും കുട്ടികള്‍ക്ക് 45 രൂപയും വീതം ഒരാഴ്ചത്തേക്ക് നല്‍കും.

ബോട്ടും വലയും നഷ്ടമായവര്‍ക്ക് തത്തുല്യമായ നഷ്ടപരിഹാരം നല്‍കും. മരണമടയുകയും കാണാതാവുകയും ചെയ്തവരുടെ മക്കള്‍ക്ക് സൌജന്യവിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കും. നിലവില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് റവന്യൂ, ഫിഷറീസ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. തുടര്‍തെരച്ചിലിലും കണ്ടെത്താനാകാതെ പോകുന്ന മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ രജിസ്ട്രര്‍ ചെയ്യണം. ബോട്ടുകളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തണം മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് കാലാവസ്ഥ സംബന്ധിച്ച സന്ദേശം നല്‍കുന്നതിനും പരസ്പരം കാലാവസ്ഥാ സംബന്ധിച്ച ആശയവിനിമയം നടത്തുന്നതിനും സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.

തീരദേശസേനയെ ആവശ്യമായ വിധം ആധുനീകരിക്കും. ബോട്ടുള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍നിന്ന് സേനയിലേക്ക് 200 പേരെ നിയമിക്കും. അപകട മേഖലയില്‍നിന്ന് 1906 കുടുംബങ്ങളില്‍നിന്നായി 8556 പേരെ 52 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കടലികപ്പെട്ട 700 പേര്‍ മറ്റ് സംസ്ഥാനങ്ങളിലെ തീരത്ത് എത്തിപ്പെട്ടിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടുവരാന്‍ നടപടി തുടങ്ങി. പലരും നാട്ടിലെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 92 പേരെയാണ് ഇനിയും കണ്ടെത്താന്‍ ബാക്കിയുള്ളതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. തെരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement