ഏഴു ദിവസം കൊണ്ട് അക്കൗണ്ടിലെത്തിയത് 45 ലക്ഷം! സുമനസ്സുകളുടെ കാരുണ്യത്തിനു നന്ദി പറഞ്ഞ് ബിന്ദു

34

കൊടുങ്ങല്ലൂർ: ജന്മനാ ഓട്ടിസം ബാധിച്ച മകളെ ജനലിൽ കെട്ടിയിട്ടു ജോലിക്കു പോകുന്ന അമ്മയുടെ ദയനീയാവസ്ഥ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കരയിക്കുന്ന ആ വിഡിയോ കാണാനിടയായ ഒട്ടേറെപ്പേർ കേരളത്തിൽ നിന്നും, ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇവർക്ക് സഹായ വാഗ്ദാനവുമായെത്തി. നാൽപ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഏഴു ദിവസം കൊണ്ട് ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. ഇതിൽ 90 ശതമാനം സഹായങ്ങളും നൽകിയത് പ്രവാസികളാണ്.

അതേസമയം ഒരു പ്രവാസി യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റവും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിന്ദു. എന്നാൽ ചിലർ ഇൗ അനുഭവം പുറത്തു പറഞ്ഞിനെ വിമർശിച്ചതായും ബിന്ദു പറയുന്നു. ഇൗ അനുഭവം പരസ്യപ്പെടുത്തിയത് തെറ്റാണെന്നാണ് ചിലർ ഉപദേശിച്ചത്. ഇതൊക്കെ മിണ്ടാതെ സഹിക്കണമെന്നാണോ ഇവർ പറയുന്നതെന്നും ബിന്ദു ചോദിക്കുന്നു.

Advertisements

സ്ത്രീകൾ അധികം കടന്നുചെല്ലാത്ത മേഖലയായ ക്രൈം ഫൊട്ടോഗ്രഫിയിൽ പ്രവർത്തിക്കുന്ന അപൂർവം പേരിൽ ഒരാളാണ് ബിന്ദു പ്രദീപ്. കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിൽ കുറ്റവാളികളുടെയും മൃതശരീരങ്ങളുടെയും ഫോട്ടോ പകർത്തി നൽകുകയാണ് ബിന്ദുവിന്റെ ജോലി. 2002 ലായിരുന്നു പൊലീസിന്റെ ഫൊട്ടോഗ്രഫറായി ജോലി ആരംഭിക്കുന്നത്. ആണുങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ജോലി, രണ്ടും കല്പിച്ചു കുടുംബത്തിനുവേണ്ടി ഏറ്റെടുത്തു. പറക്കമുറ്റാത്ത രണ്ടു പെൺമക്കളുടെ ഏക അത്താണിയാണ് ബിന്ദു. ഇവരുടെ ദുരിതമറിഞ്ഞ പാലക്കാട്ടെ പൊതുപ്രവര്‍ത്തകന്‍ ഫിറോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇവരുടെ ജീവിതത്തിന് പുതുവെളിച്ചം സമ്മാനിച്ചത്.

Advertisement