അർജൻറീനയെ ഞെട്ടിക്കാൻ തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ

14

അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലോബൽ ടൂറിന്റെ ഭാഗമായി സൗദി അറേബ്യക്കും അർജൻറീനക്കുമെതിരെയാണ് ബ്രസീലിന്റെ മത്സരങ്ങൾ. ടീം റൊട്ടേഷന്റെ ഭാഗമായി തിയാഗോ സിൽവ, വില്യൻ, ഡഗ്ലസ് കോസ്റ്റ എന്നിവർ ഒഴിവാക്കപ്പെട്ടപ്പോൾ മാഴ്സലോ, ഗബ്രിയേൽ ജീസസ് എന്നിവർ ടീമിലേക്ക് തിരിച്ചെത്തി.

Advertisements

ഈ സീസണിൽ ബാഴ്സലോണയിലേക്കു ചേക്കേറിയ മാൽക്കം ആദ്യമായി ബ്രസീലിയൻ ടീമിലേക്ക് ഇടം നേടിയിട്ടുണ്ട്. മെസിയില്ലാതെ ഇറങ്ങുന്ന അർജൻറീനക്കെതിരെ കരുത്തരായ നിരയെ തന്നെയാണ് ബ്രസീൽ അണി നിരത്തുന്നത്.

കോപ ഡോ ബ്രസീൽ ഫൈനൽസ് മത്സരങ്ങൾ നടക്കുന്നതിനാൽ ബ്രസീലിയൻ ലീഗിൽ കളിക്കുന്ന പ്രധാന താരങ്ങളൊന്നും ടീമിലുണ്ടാകില്ല. ഒളിംപിക് ഗോൾഡ് മെഡൽ നേടിയ വലാസ് ടീമിലിടം നേടിയപ്പോൾ ഗ്രമിയോ കീപ്പർ ഫെലിപെ, ബോർഡക്സ് പ്രതിരോധ താരം പാബ്ലോ എന്നിവർ ആദ്യമായി ടീമിലെത്തി.

ചൈനീസ് ലീഗിൽ നിന്നും റെനാറ്റോ അഗസ്റ്റോ ടീമിലിടം പിടിച്ചപ്പോൾ ഹുവാൻഷു എവർഗ്രാനഡെക്കു വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ടലീഷ്യ, പൗലീന്യോ എന്നിവർക്ക് ടീമിലിടം നേടാനായിട്ടില്ല.

ബാഴ്സലോണയിൽ നിന്നും ആർതർ, മാൽക്കം, കുട്ടീന്യോ എന്നീ മൂന്നു താരങ്ങൾ ടീമിലിടം നേടിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടി തകർപ്പൻ പ്രകടനം നടത്തിയ റിച്ചാർലിസണും ടീമിൽ സ്ഥാനമുറപ്പിച്ചു.

ഒക്ടോബർ പന്ത്രണ്ടിന് സൗദി അറേബ്യക്കെതിരെയും പതിനാറിന് അർജന്റീനക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരം. സൗദിയിലാണു മത്സരമെന്നതു കൊണ്ട് മലയാളി പ്രവാസികൾക്കെല്ലാം സൂപ്പർക്ലാസികോ കാണാൻ സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.

Advertisement