ഏഷ്യാ കപ്പ് സെമിയില്‍ പാകിസ്താനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ ധവാനും രോഹിതും ചെയ്തത് ഇങ്ങനെ

48

ദുബായ്: പാകിസ്താനെതിരെ ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍. ടൂര്‍ണമെന്റില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. പാകിസ്താന്‍ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷം 39.3 ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടന്നു.

Advertisements

ശിഖര്‍ ധവാനാണ് കളിയിലെ താരം. ഓപ്പണ്‍മാരായ ശിഖര്‍ ധവാന്റേയും, രോഹിത് ശര്‍മയുടെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. ധവാന്‍ 100 പന്തില്‍ 114 റണ്‍സും രോഹിത് 119 പന്തില്‍ 111 ഉം റണ്‍സെടുത്തു. മത്സരത്തില്‍ രണ്ട് സിക്സും 16 ഫോറും ധവാന്‍ നേടിയപ്പോള്‍, നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.

ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും, വിജയത്തിന് 28 റണ്‍സ് അകലെ വെച്ച് ധവാന്‍ റണ്ണൗട്ടാകുകയായിരുന്നു. പിന്നീട് ക്രീസില്‍ എത്തിയ അമ്പാട്ടി റായിഡു വിക്കറ്റ് നഷ്ടം കൂടാതെ രോഹിതിനൊപ്പം ഇന്ത്യയെ ജയത്തിലെത്തിച്ചു. ഇതിനിടെ ഏകദിനത്തില്‍ 7,000 റണ്‍സ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു.

ഈ നേട്ടം കൈവരിക്കുന്ന ഒന്‍പതാമത്തെ മാത്രം ഇന്ത്യക്കാരനാണ് രോഹിത്. പിന്നാലെ 19ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്, ഇക്കാര്യത്തില്‍ ബ്രയാന്‍ ലാറ, മഹേല ജയവര്‍ധനെ, റോസ് ടെയ്ലര്‍ എന്നീ ഇതിഹാസ താരങ്ങള്‍ക്ക് ഒപ്പമെത്തി. രാജ്യാന്തര ക്രിക്കറ്റില്‍ 300 സിക്സുകള്‍ എന്ന നേട്ടവും ഇതിനിടെ രോഹിത് സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്ത പാകിസ്താനായി ഷൊയ്ബ് മാലിക് 78 ഉം, സര്‍ഫാസ് അഹമ്മദ് 44 ഉം, ഫഖര്‍ സമാന്‍ 31 ഉം, ആസിഫ് അലി 30 ഉം റണ്‍സ് സംഭാവന നല്‍കി. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. 25ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സൂപ്പര്‍ ഫോറിലെ ആവേശകരമായ മറ്റൊരു പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ ബംഗ്ലാദേശ് മൂന്നു റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴു വിക്കറ്റിന് 249 റണ്‍സ് നേടിയപ്പോള്‍, മറുപടിയായി 246 റണ്‍സ് നേടാനേ അഫ്ഗാനായുള്ളൂ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയത്തിനരികിലെത്തിയിട്ടും അഫ്ഗാന്‍ കീഴടങ്ങുകയായിരുന്നു.

Advertisement