400-ാം ചരിത്ര ഗോള്‍ നേടി മെസി; ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം

27

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ഐബറിനെ തോൽപിച്ചു. സൂപ്പർ താരം ലിയോണൽ മെസി നാനൂറാം ഗോൾ നേടിയ മത്സരത്തിൽ ലൂയിസ് സുവാരസ് ഇരട്ടഗോളുമായി(19, 59) തിളങ്ങി.

Advertisements

435-ാം മത്സരത്തിലാണ് മെസിയുടെ നേട്ടം. 53-ാം മിനുറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോള്‍.

യൂറോപ്പിലെ ലീഗുകളിൽ ഒന്നിൽ മാത്രമായി 400 ഗോൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കും മെസി അർഹനായി. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലിഗ, ഇറ്റാലിയൻ ലീഗ് എന്നിവയിൽ നിന്നായി 409 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആകെ ഗോൾ നേട്ടത്തിൽ മുന്നിൽ.

ജയത്തോടെ അത്‍ലറ്റിക്കോ മാഡ്രിഡിനേക്കാൾ അഞ്ച് പോയിന്‍റ് ലീഡുമായി ബാഴ്സ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയ്ക്ക് 19 കളിയില്‍ 43 പോയിന്‍റുണ്ട്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു. ലെവാന്‍റയെ മറുപടിയില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ തോൽപ്പിച്ചു. 57-ാം മിനിറ്റില്‍ അന്‍റോയിന്‍ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെ വിജയഗോള്‍ നേടി.

19 കളിയിൽ 38 പോയിന്‍റുമായി അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്ത് തുടരും. പതിനൊന്നാം സ്ഥാനത്താണ് ലെവാന്റെ. കഴിഞ്ഞ ദിവസം കോപ്പാ ഡെൽറേയിൽ ബാഴ്സസലോണയെ ലെവാന്‍റെ അട്ടിമറിച്ചിരുന്നു.

Advertisement