സ്വന്തം വിവാഹ ദിനത്തില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന വരനെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

16

കോഴിക്കോട് : സ്വന്തം വിവാഹദിനത്തില്‍ നമ്മളില്‍ എത്രപേരുണ്ടാകും റോഡില്‍ ഒരു ജീവന്‍ പിടയുന്നത് കണ്ട് സഹായത്തിനായി ഇറങ്ങിതിരിക്കുക. എന്നാല്‍ ഇവിടെ സ്വന്തം വിവാഹ ദിനത്തില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന വരനെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.കോഴിക്കോട് ആണ് സംഭവം.വിവാഹിതനാകാനുള്ള യാത്രക്കിടയില്‍ കണ്‍മുന്നില്‍ കണ്ട അപകടത്തില്‍ പരിക്ക് പറ്റിയവരെ രക്ഷിക്കാന്‍ മടികാണിക്കാതെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ അയാസ്. അയാസിന്റെ സഹോദരന്‍ ആണ് ഫേസ്ബുക്കിലൂടെയാണ് സംഭവം വിവരിച്ചത്. അയാസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച്‌ നിരവധി പേരാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടിരിക്കുന്നത്.

അയാസിന്റെ സഹോദരന്‍ മുഷ്താഖ് റഷീദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

Advertisements

അനിയന്‍ അയാസിന്റെ കല്യാണമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ദൈവാനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി നടന്നു. എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്, വിട്ടുപോയവര്‍ ദയവായി ക്ഷമിക്കുക. സമയപരിമിതി കാരണം വിട്ടുപോയതാണ്. പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുക.

കുറ്റിപ്പുറത്തു നിന്നാണ് വധു. കുറ്റിപ്പുറവും ചേന്ദമംഗല്ലൂരും തമ്മില്‍ വലിയ ദൂരം ഉള്ളതിനാല്‍ പെണ്ണിനെ കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങ് ശനിയാഴ്ച തന്നെ കഴിക്കാന്‍ തീരുമാനിച്ചു (നല്ല സ്വഭാവം ഉണ്ടെങ്കില്‍ സ്വന്തം ജില്ലയില്‍ നിന്നു തന്നെ പെണ്ണ് കിട്ടും എന്നാണ് വാപ്പയോടും മനുവിനോടും അയാസിനോടും ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത്??) ശനിയാഴ്ച കുറ്റിപ്പുറത്തേക്ക് മൂന്ന് വണ്ടികള്‍ പോകാന്‍ തീരുമാനമായി. ഒരു വണ്ടിയില്‍ ഞാനും ഭാര്യയും മറ്റൊരു വണ്ടിയില്‍ അനിയന്‍ സാഹിലും പെങ്ങന്മാരും അടുത്ത വണ്ടിയില്‍ അയാസ് ഒറ്റക്കും. നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നതിനാല്‍ അയാസ് ഒരുപാട് തവണ അവിടെ പോയിരിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് വഴികാട്ടിയായി അവനോട് മുന്‍പില്‍ വണ്ടി വിടാന്‍ പറഞ്ഞു. മറ്റു രണ്ടു വണ്ടികളും അതിനെ പിന്തുടര്‍ന്നു.

ഇറങ്ങാന്‍ ഒരല്പം തമാസിച്ചതുകൊണ്ട് ഉച്ചഭക്ഷണത്തിന് കുറ്റിപ്പുറത്ത് എത്താന്‍ താമസിക്കും എന്നതിനാല്‍ ഒരല്പം ധൃതിയില്‍ ആയിരുന്നു പോക്ക്. അവിടെ ഒരുപാട് പേര്‍ ഞങ്ങളുടെ വരവും കാത്ത് നില്‍പ്പുണ്ടായിരുന്നു. വണ്ടി വേങ്ങര കൂരിയാട് പാടത്തിന്റെ കുറുകെ പോകുമ്ബോള്‍ തൊട്ടുമുന്നില്‍ ഒരു ബൈക്കപകടം നടന്നതായി കണ്ടു. ബൈക്കില്‍ നിന്നും തെറിച്ചു വീണ ഒരു യുവതി റോഡരികില്‍ കിടക്കുന്നു. പെട്ടെന്ന് തന്നെ ഒരാള്‍ ആ യുവതിയെ താങ്ങിയെടുത്ത് പുയാപ്ലയുടെ വണ്ടിക്ക് കൈ കാണിച്ചു. ഒട്ടും മടികൂടാതെ അവന്‍ വണ്ടിയിലേക്ക് കയറിക്കോളാന്‍ അവരോട് പറയുന്നത് പിറകിലെ കാറിലിരുന്ന് ഞങ്ങള്‍ നോക്കിക്കണ്ടു.

ഞങ്ങളോട് കുറ്റിപ്പുറത്തേക്ക് വിട്ടോളാന്‍ പറഞ്ഞു അവന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടി പെട്ടെന്ന് ഓടിച്ചുപോയി. കുറ്റിപ്പുറത്ത് ഒരുഭാഗത്ത് വണ്ടിയൊതുക്കി അവനെ ഞങ്ങള്‍ കാത്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ അവന്‍ ഞങ്ങളുടെ കൂടെയെത്തി. സമയബന്ധിതമായി തന്നെ ലക്ഷ്യസ്ഥാനത്ത് എത്താനും സാധിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement