മുറിവേറ്റ കൈകൊണ്ട് ഭക്ഷണം കഴിക്കാനാവാതെ വിഷമിച്ച സഹപാഠിക്ക് ചോറ് വാരിക്കൊടുക്കുന്ന ഒന്നാം ക്ലാസുകാരന്‍; കൈയ്യടി നേടി ഒരു സ്‌നേഹ ചിത്രം

33

ഏറ്റുമാനൂര്‍: മുറിവേറ്റ കൈകൊണ്ട് ഭക്ഷണം കഴിക്കാന്‍ കഴിയാതെ വിഷമിച്ച സഹപാഠിക്ക് ചോറ് വാരിക്കൊടുക്കുന്ന ഒന്നാം ക്ലാസുകാരന്റെ ചിത്രം വൈറലാകുന്നു.കോട്ടയം ഏറ്റുമാനൂര്‍ കാട്ടാത്തി ആര്‍ എസ് ഡബ്ലിയു ഗവണ്‍മെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥികളായ അഭിനന്ദും നോയലുമാണ് ചിത്രത്തിലുള്ളത്.

ഇരുവരും ഒന്നിച്ചു ഭക്ഷണം കഴിക്കാനിരുന്നതായിരുന്നു. എന്നാല്‍ വലതു കയ്യിലെ മുറിവിന്റെ വേദന കാരണം അഭിനന്ദിനു ഭക്ഷണം കഴിക്കാനായില്ല. തുടര്‍ന്നാണ് നോയല്‍ തന്റെ കൂട്ടുകാരന് ചോറ് വാരിക്കൊടുത്തത്.

Advertisements

തന്റെ സഹപാഠിക്ക് വയറു നിറഞ്ഞെന്നു ഉറപ്പാക്കിയതിനു ശേഷമാണു നോയല്‍ തന്റെ ഭക്ഷണം കഴിച്ചു തുടങ്ങിയത്. ഈ സ്നേഹത്തിന്റെയും കരുതലിന്റെയും ദൃശ്യം പ്രി പ്രൈമറി വിഭാഗത്തിലെ അധ്യാപിക ജെസ്സി ഷാജിയാണ് പകര്‍ത്തിയത്.

പുതിയ തലമുറയില്‍ നിന്ന് ഇല്ലാതാവുന്ന നന്മ അവരില്‍ കണ്ടതു കൊണ്ടാണ് ചിത്രമെടുത്തതെന്നു ജെസി പറഞ്ഞു. പെയിന്റിങ് തൊഴിലാളിയായ തടത്തില്‍ ജയിംസിന്റെയും അനുവിന്റെയും മകനാണു നോയല്‍. ഫൊട്ടോഗ്രഫറായ അനീഷിന്റെയും ജയന്തിയുടെയും മകനാണ് അഭിനന്ദ്.

Advertisement