ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ടീമിലില്ലെങ്കില്‍ ഇതാണ് സംഭവിക്കുക; ടീം ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

25

ന്യൂസിലാന്‍ഡിനെതിരേ നടന്ന നാലം ഏകദിനത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.

ഇതിഹാസ താരങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പരിഹാസ വര്‍ഷവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നു. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ തകര്‍പ്പന്‍ ജയവുമായി കളം നിറഞ്ഞാടിയ ഇന്ത്യന്‍ ടീമിന് നാലാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ന്യൂസിലാന്‍ഡിനോട് വഴങ്ങേണ്ടി വന്നത്.

Advertisements

മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ വമ്പന്‍ പരാജയമായപ്പോള്‍ വാലറ്റമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ന്യൂസിലാന്‍ഡ് നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ട് ബോളിംഗ് കൊടുങ്കാറ്റായപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മര്‍ തകര്‍ന്നു തരിപ്പണമായതാണ് ഹാമില്‍ട്ടണില്‍ കണ്ടത്. പത്ത് ഓവര്‍ എറിഞ്ഞ ബോള്‍ട്ട് നാല് ഓവര്‍ മെയ്ഡന്‍ ആക്കുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. കേവലം വിട്ടു കൊടുത്തതാകട്ടെ 21 റണ്‍സ് മാത്രവും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.5 ബോളില്‍ 92 റണ്‍സെന്ന നാണക്കേടിലാണ് പുറത്തായത്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ കളിക്കുന്ന ടീമാണെന്ന് ഓര്‍ക്കണം. രോഹിത് ശര്‍മ്മ (7), ശിഖര്‍ ധവാന്‍ (13), ശുഭ്മാന്‍ ഗില്‍ (9), അമ്പാട്ടി റായിഡു (0), ദിനേഷ് കാര്‍ത്തിക് (0), കേദാര്‍ ജാദവ് (1), ഹാര്‍ദിക് പാണ്ഡ്യ (16), ഭുവനേശ്വര്‍ കുമാര്‍ (1), കുല്‍ദീപ് യാദവ് (15), യുസ്വന്ദ്ര ചാഹല്‍ (18), ഖലീല്‍ അഹമദ് (5*) എന്നാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുത്തു. ഹെന്റി നിക്കോള്‍സ് 30ഉം റോസ് ടെയ്‌ലര്‍ 37 റണ്‍സെടുത്താണ് ന്യൂസിലാന്‍ഡിനെ വിജയതീരത്തെത്തിച്ചത്. മാര്‍ട്ടിന്‍ ഗുപ്ടില്‍, കെയിന്‍ വില്യംസണ്‍ എന്നിവരുടെ വിക്കറ്റുകളാണ് കിവികള്‍ക്ക് നഷ്ടമായത്.

ഇക്കാലത്ത് 100ല്‍ താഴെ സ്‌കോറില്‍ പുറത്താകുന്ന ടീമിനെ സങ്കല്‍പിക്കാന്‍ കഴിയില്ല എന്നായിരുന്നു ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്റെ പരിഹാസം. അതേസമയം, ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ടീമിലില്ലെങ്കില്‍ ഇതാണ് സംഭവിക്കുക എന്നാണ് മാര്‍ക് വോ പറഞ്ഞത്. അതേസമയം, നിരവധിയാളുകളാണ് ട്രെന്‍ഡ് ബോള്‍ട്ടിനെ പുകഴ്ത്തി രംഗത്തു വന്നത്.

ആദ്യ മൂന്ന് ഏകദിനങ്ങള്‍ ജയിച്ച അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങള്‍ ജയിച്ചതോടെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കിയിരുന്നു.

Advertisement