സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാനൊരുങ്ങി ഒമാന്‍ സര്‍ക്കാര്‍

11

ഒമാന്‍ : സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യ പരിരക്ഷ നിര്‍ബന്ധമാക്കാനൊരുങ്ങി ഒമാന്‍ സര്‍ക്കാര്‍. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ സ്വകാര്യകമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമവശങ്ങളെല്ലാം പൂര്‍ണമായി പരിശോധിച്ച ശേഷം മാത്രമേ ഇവ നടപ്പില്‍ വരുത്തുകയുള്ളൂ.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇന്‍ഷുറന്‍സ് പോളിസി വഴി ലക്ഷ്യമിടുന്നത്. നിലവിലെ തൊഴില്‍ സാഹചര്യത്തില്‍ തൊഴിലുടമക്ക് ഉണ്ടാകാവുന്ന ഉയര്‍ന്ന ചെലവ് ഒഴിവാക്കുന്നതിനായാണ് ഇന്‍ഷുറന്‍സ് പോളിസി അടിസ്ഥാന ആരോഗ്യ പരിരക്ഷയില്‍ പരിമിതപ്പെടുത്തുന്നത്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നും ആരോഗ്യസ്ഥാപനങ്ങളില്‍നിന്നും സേവനം ഉറപ്പാക്കുന്നതിനുള്ള നിബന്ധനകളും ഇതിലുണ്ടാകുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Advertisements
Advertisement