ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് കൂട്ടുകാരെ കാണാന്‍ ഇറങ്ങി, ചെന്നെത്തിയത് കൂട്ടമരണത്തിലേക്ക്

13

മലപ്പുറം: കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് വീട്ടുകാരെ ഞെട്ടിച്ച്‌ കൊണ്ട് ഗള്‍ഫില്‍ നിന്നും ഷിഹാബുദ്ദീന്‍ എത്തിയത്. എത്തിയ ഉടനെ ഉമ്മയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ച്‌ സുഹൃത്തുക്കളെ കാണാന്‍ പുറത്തേക്കിറങ്ങി.

Advertisements

തന്റെ ഷര്‍ട്ടും പാന്റും അലക്കി വയ്‌ക്കണമെന്നും നാളെ ഒരിടം വരെ പോകാനുണ്ടെന്നും പറഞ്ഞാണ് ഷിഹാബ് പോയത്. എന്നാലത് ഒരിക്കലും തിരികെ വരാനാവാത്ത ദൂരത്തേക്കാണെന്ന് ആ ഉമ്മ അറിഞ്ഞിരുന്നില്ല.

മണിക്കൂറുകള്‍ക്കുള്ളില്‍ മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കരയില്‍ വച്ചുണ്ടായ അപകടത്തില്‍ രണ്ട് ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പം ഷിഹാബുദ്ദീനും മരണത്തിന്റെ താഴ്‌വാ‌രത്തിലെത്തി. മൊറയൂര്‍ കുറുങ്ങാടന്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ദീനാണ് വീട്ടുകാര്‍ക്ക് ശരിക്കുമൊന്ന് കാണാന്‍ പോലുമാകുന്നതിന് മുമ്ബ് മരിച്ചത്.

ദുബായില്‍ നിന്നും ഷിഹാബുദ്ദീന്‍ കരിപ്പൂരിലെത്തുന്ന വിവരം ഉറ്റ സുഹൃത്തുക്കളായ മോങ്ങം ആനക്കച്ചേരി സ്വദേശി ഉനൈസ്, കൊണ്ടോട്ടിയിലെ സനൂപ് എന്നിവര്‍കല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. നേരത്തെ ഒരുമിച്ച്‌ വാര്‍ക്കപ്പണിയെടുത്ത മൂന്ന് പേരും ആര്‍ക്കും അസൂയ പോലും തോന്നുന്ന രീതിയിലുള്ള സുഹൃത്തുക്കളായിരുന്നു.

രാത്രി പതിനൊന്ന് മണിയോടെ വീട്ടിലെത്തിയ മൂന്ന് പേരും മറ്റൊരു സുഹൃത്തിനെ കാണാനായി ഉടന്‍ തന്നെ വീട്ടില്‍ നിന്നിറങ്ങി.

കൊണ്ടോട്ടിയില്‍ നിന്ന് മലപ്പുറത്തേക്ക് പോവുന്നതിനിടെ നിയന്ത്രണം വിട്ട ടൊയോട്ട ആള്‍ട്ടിസ് കാര്‍ മതിലില്‍ ഇടിച്ച്‌ കീഴ്‌മേല്‍ മറിഞ്ഞു. ഫയര്‍ഫോഴ്സ് സംഘമെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ പുറത്തെടുത്തത്.

നിക്കാഹ് കഴിഞ്ഞ് നവംബറിലാണ് ഷിഹാബുദ്ദീന്‍ ദുബായിലേക്ക് പോയത്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് തിരികെ ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് ഉനൈസിനെ മരണം കീഴ്‌പ്പെടുത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ കബറടക്കി.

ഉനൈസിന്റെ മൃതദേഹം മോങ്ങം ജുമാമസ്ജിദ് കബര്‍സ്ഥാനിലും ഷിഹാബുദീന്റെ മൃതദേഹം വാലഞ്ചേരി ജുമാമസ്ജിദ് കബര്‍സ്ഥാനിലും സനൂഫിന്റേത് കാവുങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. ദാരുണമായ സംഭവമറിഞ്ഞ് നാടിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി ആളുകള്‍ എത്തിയിരുന്നു.

Advertisement