ബഹ്റൈനില്‍ മലയാളി നേഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത: മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു

22

മനാമ: ദുരൂഹ സാഹചര്യത്തില്‍ ബഹ്‌റൈനില്‍ മരിച്ച മലയാളി നേഴ്‌സ് പ്രിയങ്ക പൊന്നപ്പന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പ്രിയങ്കയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

Advertisements

ഈ മാസം ഏഴിനാണ് മാവേലിക്കര തെക്കേക്കര സ്വദേശികളായ പൊന്നച്ചന്‍ മറിയാമ്മ ദമ്പതികളുടെ മകള്‍ പ്രിയങ്കയെ ബഹ്‌റൈനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി പ്രിന്‍സ് വര്‍ഗീസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. 2011 നവംബറിലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം പ്രിയങ്ക ഗാര്‍ഹിക പീഡനത്തിനിരയായെന്നാണ് മാതാപിതാക്കളുടെ പരാതി.

ബഹ്‌റൈനിലെ പള്ളി വികാരിയുടെ മധ്യസ്ഥതയില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമമുണ്ടായെങ്കിലും ഉപദ്രവം തുടര്‍ന്നുവെന്നാണ് ആരോപണം. പ്രിന്‍സും ബന്ധുക്കളും തിരക്കിട്ട് ബഹ്‌റൈനില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും പരാതിയിലുണ്ട്.

വണ്ടാനം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ബഹ്‌റൈനിലെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങി മരണമാണെന്ന് വ്യക്തമായെങ്കിലും ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. പ്രിയങ്കപ്രിന്‍സ് ദമ്പതികള്‍ക്ക് നാലു വയസുള്ള മകനുണ്ട്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു.

Advertisement