ഇവിടെ നല്ല തണുപ്പാണമ്മേ; പൊട്ടിച്ചിതറുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പും വസന്തകുമാര്‍ വീട്ടിലേക്ക് വിളിച്ചു: വീരമൃത്യു വരിച്ച ജവാന്റെ ഓര്‍മയില്‍ നെഞ്ച് പൊട്ടി കുടുംബം

32

വയനാട്: എത്ര തിരക്കാണെങ്കിലും സമയം കണ്ടെത്തി ഗിവസവും അമ്മ ശാന്തയെയും ഭാര്യ ഷീനയെയും വിളിക്കുമായിരുന്നു പുല്‍വാമയില്‍ കെല്ലപ്പെട്ട മലയാളി സൈനികന്‍ വസന്തകുമാര്‍. ‘ഇവിടെ നല്ല തണുപ്പാണമ്മേ….’ പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, ഭീകരാക്രമണം ഉണ്ടാകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് വസന്തകുമാര്‍ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു.

Advertisements

ജമ്മു-ശ്രീനഗര്‍ ഹൈവേയിലൂടെയാണ് യാത്രയെന്നും പുതിയ സ്ഥലത്തെ ഡ്യൂട്ടിക്കായാണ് പോകുന്നുവെന്നും വസന്തകുമാര്‍ ഫോണില്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ അവന്തിപ്പുരയില്‍ സ്‌ഫോടനമുണ്ടായി. വസന്തകുമാര്‍ സഞ്ചരിച്ചിരുന്ന ബസിലേക്കാണ് സ്‌ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. ചാനലുകളില്‍ വാര്‍ത്ത പരന്നെങ്കിലും വീട്ടുകാര്‍ ഒന്നും അറിഞ്ഞിരുന്നില്ല.

മറ്റൊരു വാഹനത്തിലുണ്ടായിരുന്ന വസന്തകുമാറിന്റെ സുഹൃത്തായ ജവാനാണ് ഭാര്യാസഹോദരനെ ആദ്യം വിവരമറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ മറ്റു കുടുംബാംഗങ്ങളോടു പറഞ്ഞില്ല. ഒടുവില്‍, വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ന്യൂഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനത്ത് നിന്ന് വിളിയെത്തി. വീട്ടില്‍ കൂട്ടക്കരച്ചിലുയര്‍ന്നു.

വസന്തകുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 8.55 ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ വസന്തകുമാറിനും മറ്റ് 39 ജവാന്‍മാര്‍ക്കും അന്ത്യോപചാരം അര്‍പ്പിച്ചു. വയനാട് തൃക്കൈപ്പറ്റ മുക്കംകുന്ന് തറവാടുവീടിനോടു ചേര്‍ന്നുള്ള ശ്മശാനത്തില്‍ ഉച്ചയ്ക്ക് 12ന് ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കാരം.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നാല്‍പത് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സിആര്‍പിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ ചാവേറാക്രമണം നടന്നത്. വാഹനങ്ങള്‍ക്ക് നേരെ സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച വാഹനം ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ആദില്‍ അഹമ്മദ് ഇടിച്ചു കയറ്റുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികരുടെ വാഹനവ്യൂഹം.

Advertisement