30കോടി രൂപ ചെലവില്‍ ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം വരുന്നു

12

പാലക്കാട്: ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം നിര്‍മിക്കാനുളള നടപടികള്‍ തുടങ്ങി. മുപ്പതു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിന്റെ രൂപരേഖ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം.

ഭാരതപ്പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പട്ടാമ്പി പാലത്തിന് അറുപത് വര്‍ഷത്തിലേറെ കാലപഴക്കമുണ്ട്. ഇനി എത്രനാള്‍ വാഹനപ്പെരുപ്പത്തെ താങ്ങുമെന്ന് ഉറപ്പില്ല. വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പാലത്തിന്റെ കൈവരി തൂണുകള്‍ പലതും തകര്‍ന്നുതുടങ്ങി.

Advertisements

വാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിലൂടെയുളള കാല്‍നടയാത്രയും അപകടം വരുത്തിവയ്ക്കുന്നു. ഇതിന് പരിഹാരമായാണ് പുതിയപാലം നിര്‍മിക്കാന്‍ തീരുമാനം. കഴിഞ്ഞ ബജറ്റില്‍ പാലം നിര്‍മ്മിക്കാന്‍ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചിരുന്നു. ഇനി രൂപരേഖ തയ്യാറാക്കി കിഫ്ബിയിലേക്ക് സമര്‍പ്പിക്കണം. അന്തിമ രൂപരേഖ തയ്യാറാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പാലം സന്ദര്‍ശിച്ചു. പഴയപാലം നിലനിര്‍ത്തി പ്രവൃത്തികള്‍ തുടങ്ങാനാണ് തീരുമാനം.

പട്ടാമ്പി പഴയ കടവിലൂടെയായിരിക്കും പുതിയപാലം നിര്‍മിക്കുക. പാലത്തിനായി ഇരുഭാഗങ്ങളിലും റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ടിവരും.വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിന് സാങ്കേതികാനുമതിയും ലഭിച്ചാല്‍ മാത്രമേ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകു.

Advertisement