രാമായണമാസം ആചരിക്കാനുള്ള തീരുമാനം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കാരണം കോണ്‍ഗ്രസ് ഉപേക്ഷിച്ചു

25

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമായതിനെ തുടര്‍ന്നാണ് രാമായണമാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചത്.രാമായണ മാസം ആചരിക്കുന്നതിനെ സുധീരനും മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു.

രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് വി.എം സുധീരന്‍ വ്യക്തമാക്കിയിരുന്നു. വിശ്വാസം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്, അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടികളുടെ നിലപാടെന്നും സുധീരന്‍ പറഞ്ഞു.

Advertisements

അതേസമയം, സിപിഐഎം രാമായണമാസാചരണം സംഘടിപ്പിക്കുമെന്ന വാര്‍ത്ത തെറ്റെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് സംഘടിപ്പിക്കുന്ന സംസ്‌കൃത സംഘം സിപിഐഎമ്മിന്റെ സംഘടനയല്ലെന്നും കോടിയേരി പറഞ്ഞു. സ്വതന്ത്ര സംഘടനയുടെ പരിപാടി സിപിഐഎമ്മിനെതിരെയുള്ള ആയുധമാക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കര്‍ക്കടകത്തില്‍ രാമായണ മാസാചരണം നടത്താനുള്ള സിപിഐഎം സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തില്‍ കേന്ദ്രനേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാമായണമാസാചരണം നടത്താനുള്ള നീക്കം കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് സൂചന. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്ലബിള്‍ പോളിറ്റ് ബ്യൂറോ വിഷയം ചര്‍ച്ച ചെയ്തു.

ബിജെപിയെ ചെറുക്കാനും രാമായണത്തിന്റെ പുനര്‍വായന എന്ന നിലയിലുമാണ് സെമിനാറുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും എന്നാണ് കേന്ദ്രനേതൃത്വം ആശങ്കപ്പെടുന്നത്.

അടുത്തിടെ രൂപീകരിച്ച സംസ്‌കൃതസംഘത്തെ മുന്നില്‍ നിര്‍ത്തിയാണ് പാര്‍ട്ടി ‘കര്‍ക്കടകമാസാചാരണം’ തുടങ്ങുന്നത് എന്നാണ് അറിയിച്ചിരുന്നത്. സംസ്‌കൃത അധ്യാപകര്‍, പണ്ഡിതര്‍, ആ ഭാഷയോട് താല്‍പര്യമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നതാണ് സിപിഐഎമ്മിന്റെ സംസ്‌കൃത സംഘം.17 ന് ആരംഭിക്കുന്ന രാമായണമാസാചരണത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണു സംസ്‌കൃത സംഘം തീരുമാനിച്ചിരുന്നത്.

നേരത്തെ ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഐഎം ശോഭായാത്ര നടത്തിയിരുന്നു. വൈരുധ്യാത്മക ഭൗതികവാദത്തില്‍ അധിഷ്ഠിതമാണു പ്രവര്‍ത്തനമെങ്കിലും വിശ്വാസികളോടു പാര്‍ട്ടിക്ക് അയിത്തമില്ലെന്നാണ് നയം. അവരെയെല്ലാം വശത്താക്കാനാണു ബിജെപി ശ്രമിക്കുന്നതെങ്കില്‍ അതിന് അനുവദിക്കുകയുമില്ല.

സിപിഐഎം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നാണ് സംസ്‌കൃതസംഘത്തിന്റെ ചുമതലയുള്ള സംസ്ഥാനകമ്മിറ്റി അംഗം വി.ശിവദാസന്‍ പ്രതികരിച്ചത്.

രാമായണത്തെ ഇതിഹാസമായി കണ്ട് അതിന്റെ സാമൂഹികമായ സ്വാധീനത്തെക്കുറിച്ചു വിശകലനം ചെയ്യാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത് എന്നായിരുന്നു വിവരം.ക്ഷേത്ര നടത്തിപ്പിലും മറ്റും കൂടുതലായി ഇടപെടാന്‍ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് രാമായണമാസാചരണം തന്നെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ക്ഷേത്രക്കമ്മിറ്റികളില്‍ കൂടുതലായി ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

Advertisement