കന്യാസ്ത്രീയ്‌ക്ക് വഴിവിട്ട ബന്ധം, വീണ്ടും ആരോപണങ്ങളുമായി മദര്‍ ജനറല്‍

18

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജലന്ധര്‍ മദര്‍ സുപ്പീരിയര്‍ ജനറല്‍ സിസ്‌റ്റര്‍ റെജീന കടംത്തോട്ട് രംഗത്തെത്തി. കന്യാസ്ത്രീക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പീഡന പരാതി നല്‍കിയതെന്നും അവര്‍ ആരോപിച്ചു.

കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി രഹസ്യബന്ധമുണ്ടെന്ന് സഭയ്ക്ക് പരാതി ലഭിച്ചിരുന്നു. ബന്ധുവായ ഒരു സ്ത്രീയാണ് തന്റെ ഭര്‍ത്താവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പരാതി നല്‍കിയത്. സഭ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയെങ്കിലും അതിനോട് സഹകരിക്കാന്‍ കന്യാസ്ത്രീ തയ്യാറായിരുന്നില്ല. തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്ന ഭയന്നാണ് അന്വേഷണവുമായി സഹകരിക്കാതിരുന്നത്. ഈ സംഭവത്തിലെ വൈരാഗ്യം തീര്‍ക്കാനാണ് പീഡന പരാതിയുമായി കന്യാസ്ത്രീ എത്തിയത്. അവരുടെ പരാതി സഭയ്ക്ക് കൈമാറാന്‍ മാത്രമേ തനിക്ക് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ തന്റെ തിരുവസ്ത്രമൂരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് കന്യാസ്ത്രീ ചെയ്തത്. ഒത്തുതീര്‍പ്പിനായി താന്‍ നല്‍കിയ കത്ത് പുറത്തുവിട്ടത് ശരിയായില്ലെന്നും സിസ്റ്റര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

Advertisements

ലൈംഗിക പീഡന കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന മദര്‍ സുപ്പീരിയര്‍ ജനറലിന്റെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിഷപ്പിന്റെ അധീനതയിലാണ് സന്യാസിനി മഠമെന്നതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് കത്തില്‍ പറയുന്നു. മിഷനറീസ് ഒഫ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗം കൂടിയായ കന്യാസ്ത്രീയുടെ സഹോദരിക്ക് നല്‍കിയ കത്തിലാണ് ബിഷപ്പിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് മദര്‍ സുപ്പീരിയര്‍ വ്യക്തമാക്കുന്നത്. മഠവും സന്യാസിനി സമൂഹവും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അധീനതയിലുള്ള ഇടങ്ങളാണ്. ബിഷപ്പിനെതിരായ നടപടി സഭയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കന്യാസ്ത്രിയും ബിഷപ്പും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങള്‍ ആ നിലയ്ക്ക് തന്നെയാണ് പരിഹരിക്കേണ്ടതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

Advertisement