നവംബറില്‍ ആ കിടു മോഡലും കൂടി എത്തും, ഡ്യൂക്കിന്റെ കളി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂ!

24

ഇന്ത്യന്‍ മണ്ണില്‍ 200 ഡ്യൂക്ക്, 390 ഡ്യൂക്ക്, ആര്‍സി200, ആര്‍സി 390, 250 ഡ്യൂക്ക് എന്നീ അവതാരങ്ങള്‍ നിരനിരയായി എത്തിയപ്പോഴും 125 ഡ്യൂക്കിനെ കെടിഎം മാറ്റി നിര്‍ത്തിയിരുന്നു. കുഞ്ഞന്‍ ഡ്യൂക്കിന് ഇന്ത്യന്‍ വിപണിയില്‍ സ്വീകാര്യത ലഭിക്കില്ലെന്നാണ് കമ്പനി കരുതിയിരുന്നത്.

Advertisements

എന്നാല്‍ കുഞ്ഞന്‍ ബൈക്കിനു നേരെ കൊട്ടിയടച്ച വാതില്‍ ഇപ്പോള്‍ മലക്കേ തുറന്നിരിക്കുകയാണ് കമ്പനി. നവംബറില്‍ കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ വില്‍പനയ്‌ക്കെത്തും. ബൈക്കിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു.

പുതിയ 390 ഡ്യൂക്കിന്റെ തനിച്ഛായയാണ് 125 ഡ്യൂക്കിന്. എല്‍ഇഡി ഹെഡ്‌ലൈറ്റും ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കിലെ മുഖ്യ സവിശേഷതകളാണ്. സ്റ്റിക്കറുകളിലും ഗ്രാഫിക്‌സിലുമുള്ള മാറ്റങ്ങളാണ് കുഞ്ഞന്‍ 125 ഡ്യൂക്കിനെ 390 ഡ്യൂക്കുമായി വേറിട്ടുനിര്‍ത്തുക. ബോഷ് എഞ്ചിന്‍ മാനേജ്‌മെന്റ് സംവിധാനം, ഇരട്ട ചാനല്‍ ബോഷ് എബിഎസും ബേബി ഡ്യൂക്കിന് ഗൗരവം നല്‍കും.

ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ എഞ്ചിനാണ് ബൈക്കില്‍ തുടിക്കുന്നത്. 14.7 ബിഎച്ച്പി കരുത്തും 11.80 ടോര്‍ക്കും ഈ എഞ്ചിന് പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. വരവില്‍ ശ്രേണിയിലെ ഏറ്റവും കരുത്തേറിയ 125 ബൈക്കായിരിക്കും ബേബി ഡ്യൂക്ക്.

വരവുപ്രമാണിച്ച് മുംബൈ കെടിഎം ഡീലര്‍ഷിപ്പുകള്‍ ബൈക്കിനുള്ള പ്രീബുക്കിംഗ് ആരംഭിച്ചു. 1,000 രൂപയാണ് ബുക്കിംഗ് തുക. വൈകാതെ മറ്റു ഡീലര്‍ഷിപ്പുകളും 125 ഡ്യൂക്കിനുള്ള ബുക്കിംഗ് സ്വീകരിക്കും. ഏകദേശം 1.60 ലക്ഷം രൂപ കെടിഎം 125 ഡ്യൂക്കിന് ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.

Advertisement