എയര്‍ഹോസ്റ്റസിന്റെ മരണം; ഭര്‍ത്യവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍

23

ന്യൂഡല്‍ഹി: ലുഫ്താന്‍സ ഏയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന അനീസ്യ ബത്രയാണ് (32) പഞ്ചശീല്‍ പാര്‍ക്കിനു സമീപത്തെ വീടിന്റെ ടെറസില്‍ നിന്നു താഴേക്കു വീണു മരിച്ചത്. ഭര്‍ത്താവ് മായക് സിങ്വി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ മരണത്തിന് പിന്നില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.

മകളുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ അനീസ്യയുടെ പിതാവ് റിട്ട. മേജര്‍ ജനറല്‍ ആര്‍.എസ്.ബത്ര രണ്ടു ദിവസം മുന്‍പു പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനീസ്യയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും മര്‍ദിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ലെന്നു കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹം ചെയ്തത്.

Advertisements

ടെറസില്‍ നിന്നു ചാടുന്നതിനു മുന്‍പു സഹോദരി തനിക്കു സന്ദേശം അയച്ചിരുന്നുവെന്ന് അനീസ്യയുടെ സഹോദരന്‍ കരണ്‍ ബത്ര പറയുന്നു. മായക് തന്നെ മുറിയില്‍ പൂട്ടിയിരിക്കുകയാണെന്നും പൊലീസിനെ വിളിക്കാനുമായിരുന്നു സന്ദേശം. മദ്യപാനിയായ മായക് പണത്തിനു വേണ്ടി അനീസ്യയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisement