രണ്ടര ലക്ഷം രൂപ വിലയുള്ള ബുള്ളറ്റ് ചവറ്റു കൂനയിൽ തള്ളി കലിപ്പു തീർത്തു ; കാരണമിതാണ്

74

ബുള്ളറ്റ് പ്രേമികളുടെ ഒന്നാകെ ചങ്കിടിപ്പിക്കുന്നതായിരുന്നു ആ വാർത്ത. ന്യൂ ജനറേഷന്റേയും ഓൾഡ് ജനറേഷന്റേയുമൊക്കെ ഓൾ ടൈം ഫേവറിറ്റായ ബുള്ളറ്റിനെ അതിന്റെ ഉടമ ചവറു കൂനയിൽ കളഞ്ഞു. എന്നിട്ട് ഒരു ഡയലോഗും അങ്ങ് കാച്ചി. രണ്ടര ലക്ഷം രൂപയൊക്കെ വെറുതെയാ…‘ഈ വണ്ടി ഒന്നിനും കൊള്ളില്ല, അതു കൊണ്ട് ഞാനത് ചവറുകൂനയിൽ കളഞ്ഞു.

Advertisements

അടുത്തിടെ റോയൽ എൻഫീൽഡ് പുറത്തിറക്കിയ എൻഫീൽഡ് പെഗാസസ് 500നാണ് ഈ ‘ദുർവ്വിധി.’ വണ്ടിയുടെ വില രണ്ട് ലക്ഷത്തി നാൽപ്പതിനായിരം എന്ന് കേൾക്കുമ്പോഴെ വാഹന പ്രേമികളുടെ തലകറങ്ങും.

ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ വാഹനത്തെ ഒരു സുപ്രഭാതത്തിൽ ഉപേക്ഷിക്കുകയായിരുന്നില്ലെന്ന് ബുള്ളറ്റ് ഉടമ പറയുന്നു. പെഗാസസ് 500 പുറത്തിറങ്ങി ഏതാനും ആഴ്ചകൾക്കകം ക്ലാസിക് 350 വെർഷൻ പുറത്തിറങ്ങി. ഇതിനു വെറും 1.61 ലക്ഷം മാത്രമായിരുന്നു വില.

ഡ്യുവൽ ചാനൽ എബിഎസിന്റെ സുരക്ഷയോട്​ കൂടിയാണ്​ സിഗ്​നൽ ക്ലാസിക്​ 350 ഇന്ത്യൻ നിരത്തിലെത്തിയത്. ഇതാണ് ബുളളറ്റ് പ്രേമികളെ പ്രകോപിപ്പിച്ചത്. കുറഞ്ഞ വിലയ്ക്ക് പുതിയ മോഡൽ പുറത്തിറങ്ങി കമ്പനി തങ്ങളെ പറ്റിച്ചുവെന്നാണ് പെഗാസസ് 500 ഉടമകൾ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ഒരാൾ രണ്ടര ലക്ഷം വിലയുളള ബുളളറ്റ് ചവറ്റുകൂനയിൽ തളളിയത്.

കഴിഞ്ഞ മാസമാണ് റോയൽ എൻഫീൽഡ് പെഗാസസ് 500 ഇന്ത്യയിൽ അവതരിപ്പിച്ചത്. 2.40 ലക്ഷം രൂപയായിരുന്നു പട്ടാള ബൈക്ക് എന്ന് വിശേഷിപ്പിക്കാവുന്ന പെഗാസസിന്റെ ഇന്ത്യയിലെ വിപണി വില. ഗ്ലോബല്‍ അടിസ്ഥാനത്തില്‍ പെഗാസസിന്റെ 1000 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയത്. ഇതില്‍ 250 എണ്ണം മാത്രമാണ് ഇന്ത്യയിലെത്തിയത്. ലിമിറ്റഡ് എഡിഷനായതുകൊണ്ട് വളരെ കഷ്ടപ്പെട്ടാണ് ബുളളറ്റ് പ്രേമികൾ ഇത് സ്വന്തമാക്കിയത്.

സംഭവം ചൂണ്ടിക്കാട്ടി പെഗാസസ് 500 വാങ്ങിയവർ കമ്പനിക്ക് തുറന്ന കത്തും എഴുതിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കമ്പനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ഉടമകൾക്ക് ലഭിച്ചത്. കമ്പനിയുടെ മറുപടിയിൽ പ്രതിഷേധിച്ച് കൂടുതൽ പേർ പെഗാസസ് 500 ചവറ്റുകൂനയിൽ തളളാനാണ് ഒരുങ്ങുന്നത്. അതത് നഗരങ്ങളിലെ മുൻസിപ്പാലിറ്റിക്കോ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിലേക്കോ ബുളളറ്റ് നൽകുമെന്നാണ് ഉടമകൾ അറിയിച്ചിട്ടുളളത്

Advertisement