ഡിയര്‍ ലാലേട്ടന്‍ താങ്ക്‌സ്, മോഹന്‍ലാലിനോട് വീരേന്ദര്‍ സേവാഗ്‌

24

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗിന് മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ വക പിറന്നാള്‍ ആശംസ.ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ സെവാഗിന് ആശംസകള്‍ അറിയിച്ചത്. ലാലേട്ടന്‍ എന്നു വിളിച്ചുകൊണ്ടാണ് സെവാഗ് മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടി നല്‍കിയത്.

Advertisements

‘പ്രിയപ്പെട്ട സെവാഗ്, പിറന്നാള്‍ ആശംസകള്‍,’ എന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തപ്പോള്‍, ‘പ്രിയപ്പെട്ട ലാലേട്ടന്‍, നന്ദി,’ എന്നായിരുന്നു മറുപടിയായി സെവാഗ് കുറിച്ചത്.

മോഹന്‍ലാലിന്റെ ട്വീറ്റിന് താഴെയായി നിരവധി ആരാധകരാണ് സെവാഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സെവാഗിന്റെ 40-ാം പിറന്നാളാണ് ഇന്ന്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സെവാഗ്.

2004 മാര്‍ച്ച് 29ന് മുള്‍ട്ടാനില്‍ പാകിസ്ഥാനുമായുള്ള മത്സരത്തിലായിരുന്നു അത്.530 മിനിട്ട് നീണ്ടു നിന്ന ഇന്നിംഗ്‌സില്‍ 375 പന്തില്‍ 309 റണ്‍സാണ് സെവാഗ് നേടിയത്. പിന്നീട് ഒരിക്കല്‍ കൂടി സെവാഗ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 319 റണ്‍സ്. അന്ന് 278 പന്തിലാണ് സെവാഗ് ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ചുറിയായി ആ പ്രകടനം ഇന്നും നിലനില്‍ക്കുന്നു.

മുമ്പ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പിറന്നനാളിന് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നപ്പോളും, ലാലേട്ടാ എന്നു വിളിച്ചുകൊണ്ടായിരുന്നു ഛേത്രി മറുപടി പറഞ്ഞത്. ഇതും ഇരുവരുടേയും ആരാധകര്‍ ഏറെ ആഘോഷിച്ചിരുന്നു. മുമ്പ് മോഹന്‍ലാലിന്റെ ജന്മദിനത്തിന് സെവാഗ് ആശംസയറിയിച്ചിരുന്നു.

Advertisement