യുഎസില്‍ ‘വിശ്വാസ’ത്തെ നിലംപരിശാക്കി രജനി ഷോ; ‘പേട്ട’ നേടിയത് പത്തിരട്ടി

20

കോളിവുഡില്‍ രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നത് നാല് വര്‍ഷത്തിന് ശേഷമാണ്.

രജനീകാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവുമാണ് ഇത്തവണ പൊങ്കല്‍ റിലീസായി ഒരുമിച്ചെത്തിയതെങ്കില്‍ നേരത്തേ അത്തരത്തില്‍ റിലീസ് സംഭവിച്ചത് 2014ല്‍ ആയിരുന്നു.

Advertisements

വിജയ്‌യും മോഹന്‍ലാലും ഒന്നിച്ച ജില്ലയും അജിത്തിന്റെതന്നെ വീരവുമാണ് അന്ന് ഒരുമിച്ച്‌ തീയേറ്ററുകളിലെത്തിയത്.

തമിഴ്‌സിനിമയിലെ എക്കാലത്തെയും വലിയ ക്രൗഡ് പുള്ളറായ രജനിയും കോളിവുഡിലെ ‘ഓപണിംഗ് കിംഗ്’ എന്നറിയപ്പെടുന്ന അജിത്തും പൊങ്കലിന് ഒരുമിച്ചെത്തിയപ്പോള്‍ ഏത് ചിത്രമാവും വലിയ കളക്ഷന്‍ നേടുക എന്ന കൗതുകം ആരാധകര്‍ക്കും ഇന്റസ്ട്രിക്കും ഒരുപോലെ ഉണ്ടായിരുന്നു.

തമിഴ്‌നാട്ടില്‍ അജിത്ത് ചിത്രമാണ് ലേശം മുന്നിലെങ്കില്‍ ആഗോള ബോക്‌സ്‌ഓഫീസില്‍ രജനീകാന്തിന്റെ പ്രഭാവം തന്നെയാണ് ദൃശ്യമാകുന്നത്. അതില്‍ എടുത്ത് പറയേണ്ടത് യുഎസ് കളക്ഷനാണ്.

ചിത്രം യുഎസ് ബോക്‌സ്‌ഓഫീസില്‍ ഒരു മില്യണ്‍ ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ബുധനാഴ്ച നടന്ന പ്രീമിയര്‍ ഷോകളും ആദ്യ രണ്ട് ദിനങ്ങളിലെ (10,11) കളക്ഷനും ചേര്‍ത്ത് ചിത്രം നേടിയ ആകെ തുക 10.9 ലക്ഷം യുഎസ് ഡോളറാണ്. അതായത് 7.67 കോടി ഇന്ത്യന്‍ രൂപ. യുഎസില്‍ മില്യണ്‍ ഡോളര്‍ പിന്നിടുന്ന ഏഴാമത് രജനി ചിത്രമാണ് പേട്ട.

പേട്ടയേക്കാള്‍ തീയേറ്റര്‍ കൗണ്ട് കുറവായിരുന്നു യുഎസില്‍ വിശ്വാസത്തിന്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ത്ത് ആകെ 251 തീയേറ്ററുകളില്‍ പേട്ട റിലീസ് ചെയ്തപ്പോള്‍ വിശ്വാസം എത്തിയത് 95 തീയേറ്ററുകളില്‍ മാത്രം. റിലീസ് ദിനത്തില്‍ ചിത്രം 27,159 ഡോളറും 11ന് 26,261 ഡോളറുമാണ് നേടിയത്.

ബുധനാഴ്ചത്തെ പ്രീ-റിലീസ് പ്രിവൂ പ്രദര്‍ശനങ്ങളടക്കം ചിത്രം ഒരു ലക്ഷം ഡോളര്‍ പിന്നിട്ടിട്ടുണ്ട്. അതായത് 70.38 ലക്ഷം ഇന്ത്യന്‍ രൂപ.

പേട്ടയ്ക്കും വിശ്വാസത്തിനുമൊപ്പം ഒരു തെലുങ്ക് ചിത്രം കൂടി ഇപ്പോള്‍ യുഎസില്‍ കാണികളെ നേടുന്നുണ്ട്. ബോയാപട്ടി ശ്രീനു സംവിധാനം ചെയ്ത രാം ചരണ്‍ ചിത്രം വിനയ വിധേയ രാമയാണ് അത്. 95 തീയേറ്ററുകളിലാണ് ചിത്രം യുഎസില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.

Advertisement