മാസ്സിന്റെ സുനാമിയും സൂപ്പര്‍ സ്റ്റാറിന്റെ വിന്റേജും സ്റ്റൈലും ചേര്‍ന്ന മാജിക്ക്: പേട്ട തകര്‍ത്താടുന്നു, റിവ്യൂ വായിക്കാം

27

തമിഴകത്തിന്റെ സ്റ്റൈല്‍മന്നന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട എന്ന തമിഴ് ചിത്രം രജനി ആരാധകരെ ത്രസിപ്പിച്ച് പടയോട്ടം തുടങ്ങി. സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് .

വിജയ് സേതുപതി, ബോബി സിംഹ, സിമ്രാന്‍, തൃഷ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു . പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്ന് കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്ന ഈ ചിത്രം വമ്പന്‍ പ്രതീക്ഷകള്‍ക്ക് നടുവില്‍ ആണ് ലോകം മുഴുവന്‍ റിലീസ് ചെയ്തിരിക്കുന്നത്.

Advertisements

രജനികാന്ത് അവതരിപ്പിക്കുന്ന കാളി എന്ന ഹോസ്റ്റല്‍ വാര്‍ഡന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. തന്റേതായ രീതിയില്‍ അവിടെ ഏവരുടെയും ഹീറോ ആയി മാറുന്ന കാളിയുടെ ജീവിതത്തിലേക്ക് നവാസുദീന്‍ സിദ്ദിഖി അവതരിപ്പിക്കുന്ന സിംഖാര്‍ സിങ് എന്ന രാഷ്ട്രീയ നേതാവ് കടന്നു വരുന്നതോടെ ചിത്രത്തിന്റെ ഗതി മാറുന്നു.

രജനികാന്ത് ആരാധകര്‍ക്ക് ആഘോഷമാക്കാനുള്ള ഒരു കമ്പ്‌ലീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജാണ് കാര്‍ത്തിക് സുബ്ബരാജ് ഈ ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത്. ബാഷ എന്ന ചിത്രത്തിന്റെ കഥയോട് സാമ്യം ഉള്ള രീതിയില്‍ ആണ് പേട്ട തുടങ്ങുന്നത് എങ്കിലും കാര്‍ത്തിക് സുബ്ബരാജ് എന്ന പ്രതിഭ കൊണ്ട് വന്ന കഥയിലെ പുതുമ എടുത്തു പറയേണ്ടതാണ്.

തമിഴ് സിനിമകള്‍ ഇഷ്ട്ടപെടുന്ന പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെല്ലാം ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതിനൊപ്പം തന്നെ വളരെ ചടുലമായും രസകരമായും കഥ പറയാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ ഗംഭീരമാക്കുന്നതു. ഓരോ കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന രീതിയും അവര്‍ക്കു കഥയില്‍ ഉള്ള സ്ഥാനവും ചിത്രത്തെ വേറെ ലെവല്‍ ആക്കിയിട്ടുണ്ട് എന്ന് പറയാം.

കഥാ സന്ദര്‍ഭങ്ങള്‍ രസകരമായി അവതരിപ്പിച്ചതിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സംവിധായകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും കാര്‍ത്തിക് സുബ്ബരാജിന് കഴിഞ്ഞിട്ടുണ്ട്.

നായക കഥാപാത്രത്തിന്റെ പൂര്‍വ കാലവും വര്‍ത്തമാന കാലവും തമ്മില്‍ മികച്ച രീതിയില്‍ ബന്ധിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച മിടുക്കാണ് ഒരു മാസ്സ് മസാല കൊമേര്‍ഷ്യല്‍ എന്റെര്‍റ്റൈനെറില്‍ നിന്ന് പ്രേക്ഷകന്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കാന്‍ പേട്ടയെ സഹായിച്ചത് എന്ന് പറയാം.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ എനെര്‍ജറ്റിക് ആയുള്ള പെര്‍ഫോമന്‍സാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കാളി എന്ന കഥാപാത്രമായി വിന്റേജ് സ്‌റ്റൈലില്‍ സൂപ്പര്‍സ്റ്റാര്‍ തകര്‍ത്താടി ഈ ചിത്രത്തിലെന്നു പറയാം.

ഇത്ര ഗംഭീരമായി ഈ അടുത്തിടെയൊന്നും രജനികാന്തിനെ നമ്മള്‍ കണ്ടിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം നല്‍കിയതു. അതോടൊപ്പം ജിത്തു, സിംഖാര്‍ സിങ് എന്നീ കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിച്ച മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി, നവാസുദീന്‍ സിദ്ദിഖി എന്നിവരും തങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനത്തോടെ പ്രേക്ഷകരെ കയ്യിലെടുത്തു.

അത്ര ബ്രില്ല്യന്റ് ആയി തന്നെ ഇവര്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി . മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോബി സിംഹ, ശശി കുമാര്‍, സിമ്രാന്‍, തൃഷ, മണികണ്ഠന്‍ ആചാരി, ജെ മഹേന്ദ്രന്‍, മേഖ ആകാശ്, ഗുരു സോമസുന്ദരം, സനന്ത് റെഡ്ഡി, മാളവിക മോഹനന്‍, രാമദോസ്, എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി എന്ന് പറയാം.

അനിരുദ്ധ് ഒരിക്കല്‍ കൂടി തന്റെ അടിപൊളി പാട്ടുകളിലൂടെയും മാസ്സ് എഫ്ഫക്റ്റ് നല്‍കിയ പശ്ചാത്തല സംഗീതത്തിലൂടെയും ചിത്രത്തിന്റെ മികവ് വര്‍ധിപ്പിച്ചു. തിരു ഒരുക്കിയ ദൃശ്യങ്ങള്‍ കളര്‍ഫുള്‍ ആയിരുന്നു എന്ന് മാത്രമല്ല അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനൊപ്പം തിരുവിന്റെ ദൃശ്യങ്ങള്‍ കൂടി ചേര്‍ന്ന് ഉണ്ടാക്കിയ മാസ്സ് എഫ്ഫക്റ്റ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ചടുലമായി കഥ പറയാന്‍ സംവിധായകനെ സഹായിച്ചത് വിവേക് ഹര്‍ഷന്‍ എന്ന എഡിറ്ററുടെ മികവായിരുന്നുവെന്നു നിസംശയം പറയേണ്ടി വരും.

ചുരുക്കി പറഞ്ഞാല്‍ , സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഫാന്‌സിനും കാര്‍ത്തിക് സുബ്ബരാജ് ഫാന്‌സിനും വിജയ് സേതുപതി ആരാധകര്‍ക്കുമെല്ലാം ഒരുപാട് ആഘോഷിച്ചു കാണാവുന്ന ഒരു കമ്പ്‌ലീറ്റ് എന്റര്‍ടൈനറാണ് പേട്ട . ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു പൈസ വസൂല്‍ മാസ്സ് മസാല ചിത്രമാണ് ഇത്തവണ കാര്‍ത്തിക് സുബ്ബരാജ് ആരാധകര്‍ക്കായി നല്‍കിയിരിക്കുന്നത്.

വിന്റേജ് രജനികാന്ത് ആണ് ഈ ചിത്രത്തിന്റെ മാജിക്. നഷ്ടപ്പെടുത്തരുത് ഈ ഗംഭീര ചിത്രം എന്നുറപ്പിച്ചു പറയാന്‍ സാധിക്കുന്ന ഒരു ചലച്ചിത്രാനുഭവമാണ് പേട്ട നമ്മുക്ക് നല്‍കുന്നത്.

Advertisement