ക്യാപ്റ്റന്‍ രാജുവിനെ പോലെ രൂപഭംഗിയും അഭിനയമികവുമുള്ള നടന്‍ മലയാള സിനിമയിലില്ല’ വേദനയോടെ മമ്മൂട്ടി

19

നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ മമ്മൂട്ടി. ക്യാപ്റ്റന്‍ രാജുവിനേപ്പോലെ ഉയരവും സൗന്ദര്യവും അഭിനയ മികവുമുള്ള നടന്‍ മലയാള സിനിമയില്‍ അന്നും ഇന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

Advertisements

രാജുവിന്റെ വിയോഗം ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് പറഞ്ഞ മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു.

‘ഏകദേശം ഒരേ കാലയളവില്‍ സിനിമാ ലോകത്ത് എത്തിയവരാണ് ഞങ്ങള്‍. ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചു. തൊഴിലിനോട് ഇത്രമേല്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു.

പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ് അദ്ദേഹത്തിന് അന്യഭാഷയിലടക്കം നിരവധി സിനിമകളില്‍ അവസരം സൃഷ്ടിച്ചതും പ്രശസ്തനാക്കിയതും. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ മാസ്റ്റര്‍പീസിലാണ് ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ചത്. ആവനാഴി, വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം ക്യാപ്റ്റന്‍ രാജു അഭിനയിച്ചിട്ടുണ്ട്.

ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട അടക്കം 500 റോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ഇറങ്ങിയ രക്തമാണ് ആദ്യത്തെ ചിത്രം.

Advertisement