നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിലേയ്ക്ക്: സിനിമയില്‍ നിന്ന് മാറി നില്‍ക്കാനൊരുങ്ങി ദിലീപ്

18

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന ഘട്ടത്തിലെത്തുമ്പോള്‍ സിനിമയില്‍ നിന്ന് ഇടക്കാലത്തേയ്ക്ക് വിട പറയാനൊരുങ്ങി ദിലീപ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഷൂട്ടിങിലിരിക്കുന്ന സിനിമകളുള്‍പ്പെടെ മാറ്റി വെച്ച് ദിലീപ് മാറി നില്‍ക്കുമെന്നാണ് സൂചന. ഛായാഗ്രഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കനില്‍ ജോയിന്‍ ചെയ്യാനിരിക്കുകയായിരുന്നു എന്നാല്‍ ഇത് മാറ്റി വെച്ചു. ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഘട്ടം ഉടനെയുണ്ടാവില്ല. മംഗളം ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisements

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ ശേഷം രാമലീലയുടെ വന്‍ വിജയത്തോടെയാണ് ദിലീപ് എത്തിയത്. ഇതിനു ശേഷമാണ് കമ്മാര സംഭവം പൂര്‍ത്തിയാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു വിചാരണ. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണു കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്.

അതുകൊണ്ട് തന്നെ സിനിമാ അഭിനയം പ്രതിസന്ധിയുണ്ടാക്കും. ഡിങ്കന്റെ ഷൂട്ടിങ് ദുബായിലും നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടതിയെ സമീപിക്കണം. കോടതി അനുവദിക്കാത്ത സാഹചര്യം വിചാരണയെ പോലും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് തല്‍കാലത്തേക്ക് ദിലീപ് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് കോടതിയെ സമീപിച്ചാണ് ദേ പുട്ടിന്റെ ദുബായിയിലെ പുതിയ ഷോപ്പ് ഉദ്ഘാടനത്തിന് പോയത്. കമ്മാരസംഭവം വിഷുവിന് തിയേറ്ററുകളിലെത്തും.

Advertisement