പത്തൊമ്പതാം വയസ്സില്‍ മുംബൈയിലെത്തിയത് അധോലോകത്തില്‍ ചേരാന്‍; ചെമ്പന്‍ വിനോദിന്റെ വെളിപ്പെടുത്തല്‍

16

മുംബൈയിലെ മുളുണ്ട് കാളിദാസയിലെ നവീകരിച്ച ഓഡിറ്റോറിയത്തിലിരുന്ന് മഹാനഗരത്തിലെ വിശേഷങ്ങള്‍ പങ്കുവച്ച് മലയാളി താരങ്ങള്‍. തരംഗിണിയുടെ മുംബൈയിലെ ഈ വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മലയാള സിനിമാ ടെലിവിഷന്‍ രംഗത്തെ മിന്നും താരങ്ങള്‍.

പത്തൊമ്പതാം വയസ്സില്‍ മനസ്സില്‍ അധോലോക സ്വപ്നവുമായാണ് ചെമ്പന്‍ വിനോദ് മുംബൈയിലേക്കെത്തിയത്. മുഹമ്മദലി റോഡില്‍ എത്തുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് തടിമിടുക്ക് മാത്രം. എന്നിട്ടും അണ്ടര്‍ വേള്‍ഡിലെ റിക്രൂട്ട് മെന്റ് ടെസ്റ്റില്‍ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി പറഞ്ഞതോടെ സംഗതി വര്‍ക്ക് ഔട്ട് ആകാതെ നഗരം വിടേണ്ടി വന്നെന്നും ചെമ്പന്‍ പങ്കുവച്ചു.

Advertisements

നിരവധി സ്ഥലങ്ങളില്‍ നിരന്തരം യാത്ര ചെയ്തിട്ടുണ്ടെങ്കിലും മുംബൈ നഗരത്തില്‍ മാത്രം വരുവാന്‍ കഴിഞ്ഞിരുന്നില്ല. മഹാനഗരത്തിലെ വിശേഷങ്ങള്‍ പങ്കിട്ട് പ്രശസ്ത ചലച്ചിത്ര താരം മമത മോഹന്‍ദാസ് മനസ്സ് തുറന്നു. എന്നാല്‍ കിട്ടിയ രണ്ടു അവസരങ്ങളിലും ഭാഗ്യം സമ്മാനിച്ചിട്ടുള്ള നഗരം കൂടിയാണ് മുംബൈ.

മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമത മുംബൈയില്‍ എത്തുന്നത്. ചിത്രങ്ങള്‍ രണ്ടും വലിയ ഹിറ്റുകളായി മാറിയത് നഗരം സമ്മാനിച്ച ഭാഗ്യമായി മമത മനസ്സില്‍ സൂക്ഷിക്കുന്നു.

മുംബൈയുമായി ഏകദേശം പതിനേഴ് വര്‍ഷത്തെ നിരന്തര ബന്ധമാണ് തനിക്കുള്ളതെന്ന് ലാല്‍ ജോസ് പറഞ്ഞു. മുംബൈ തനിക്കൊരു സ്വപ്ന നഗരമായിരുന്നുവെന്നും വേദിയില്‍ തന്റെ ഓര്‍മ്മകള്‍ അയവിറക്കി ലാല്‍ ജോസ് പറഞ്ഞു.

ഗള്‍ഫില്‍ പോകാനെത്തിയതായിരുന്നു പ്രൊഡ്യൂസറും ഗാനരചയിതാവുമായ രാജീവ് നായര്‍, പക്ഷെ നഗരം കാത്തു വച്ചത് സിനിമാ ലോകവും. ഓര്‍ഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളിലൂടെ നിര്‍മ്മാതാവായും ഗാന രചയിതാവായും രാജീവ് ഈ മേഖലയില്‍ സാന്നിധ്യമറിയിച്ചു.

മുതിര്‍ന്ന നടന്‍ രാഘവന്‍ വൈകാരികമായാണ് പുരസ്‌കാരം ഏറ്റുവാങ്ങി സദസ്സിനെ അഭിസംബോധന ചെയ്തത്. തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ മുംബൈയില്‍ നിന്നും ലഭിച്ച അംഗീകാരം ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവരെ കൂടാതെ ടോവിനോ തോമസ്, വിജയ രാഘവന്‍, അനുശ്രീ, സായി കിരണ്‍, സൂചിത്രാ നായര്‍, ബാലു മേനോന്‍, സീമ നായര്‍, നന്ദു പൊതുവാള്‍, ഉമാ നായര്‍, ചിപ്പി, രഞ്ജിത്ത്, ആദിത്യന്‍, തുടങ്ങിയവരും മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ നിന്നും തരംഗിണി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

Advertisement