മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം; ‘മാണിക്യമലരായ പൂവി’ പാട്ട് പിന്‍വലിച്ചു

8

കൊച്ചി: ദിവസങ്ങള്‍ക്കകം വൈറലായി മാറിയ ‘ഒരു അഡാറ് ലൗ’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ പാട്ട് പിന്‍വലിക്കുന്നതായി അണിയറക്കാര്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെയാണു പാട്ട് പിന്‍വലിക്കുന്നത്. പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

റിലീസിനു മുന്‍പു പുറത്തിറക്കിയ പാട്ടും വിഡിയോയും ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിനിമയുടെ അണിയറക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിനിമയില്‍ ഗാനം ഉള്‍പ്പെടുത്തില്ല, യു ട്യൂബില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യുമെന്നും അണിയറക്കാര്‍ വ്യക്തമാക്കി. പാട്ടുവിവാദവുമായി ബന്ധപ്പെട്ട് ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു.

Advertisements

പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം. നായിക പ്രിയ പ്രകാശ് വാരിയര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്. മാണിക്യമലരായ പൂവി എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിയുണ്ട്. ആരോപണത്തില്‍ കഴമ്പില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിംകള്‍ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാര്‍ പറയുന്നത്.

അതേസമയം, പാട്ടിനെ പ്രശംസിച്ചും ആര്‍എസ്എസിനെ വിമര്‍ശിച്ചും ഗുജറാത്തിലെ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തി. ആര്‍എസ്എസ്സിന്റെ വാലന്റൈന്‍സ് ദിന വിരുദ്ധതയ്ക്കുള്ള മറുപടിയാണു പാട്ടെന്നു മേവാനി ട്വിറ്ററില്‍ കുറിച്ചു. വെറുക്കാനല്ല, സ്നേഹിക്കാനാണു തങ്ങള്‍ക്ക് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

Advertisement