നടിയെ ആക്രമിച്ച സംഭവം: റിമി ടോമി രക്ഷപ്പെട്ടു

17

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ പ്രധാനതൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകും. സംഭവത്തില്‍ ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവന്റെ പ്രേരണയും അറിവുമുണ്ടാകാമെന്ന സാക്ഷിമൊഴിയുള്ളതിനാല്‍ കാവ്യയുടെ പങ്ക് കൂടുതലായി അന്വേഷിക്കും. ഇക്കാര്യത്തില്‍ അന്വേഷണസംഘത്തില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. വിചാരണ തുടങ്ങിയ ശേഷം ആവശ്യമെങ്കില്‍ ഇക്കാര്യം ആലോചിക്കാമെന്നാണ് നിലവിലെ തീരുമാനം. കേസിലെ പ്രധാനതൊണ്ടിയായ മൊബൈല്‍ ഫോണ്‍ ദുബൈയിലേക്കു കടത്തിയെന്നാണു പൊലീസ് സംശയിക്കുന്നത്.

Advertisements

സാങ്കേതിക പിഴവുകള്‍ തിരുത്തി നല്‍കിയ കുറ്റപത്രമാണു ഇന്നലെ ഫയലില്‍ സ്വീകരിച്ചത്. കോടതി നിര്‍ദ്ദേശം അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി ചില കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരുന്നു. കുറ്റപത്രം, സാക്ഷിവിവരങ്ങള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ പരിശോധിച്ച കോടതി കുറ്റപത്രത്തില്‍ എല്ലാ രേഖകളുമുണ്ടെന്ന് ഉറപ്പാക്കി.

1452 പേജുള്ള അനുബന്ധ റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസ് സമര്‍പ്പിച്ചത്. 215 സാക്ഷിമൊഴികളും 18 രേഖകളും റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ട്. ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ബൈജു പൗലോസ് മൂന്നാം ഘട്ട അന്വേഷണത്തിലേക്ക് കടക്കുകയാണ്. വമ്പന്‍ സ്രാവ്, മാഡം എന്നീ ആക്ഷേപങ്ങളില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. കേസില്‍ കാവ്യയുടെ പങ്ക് അന്വേഷിക്കുന്നതിനാകും പ്രധാന പരിഗണന. കേസില്‍ കാവ്യയെ പ്രതിയാക്കാനുള്ള തെളിവൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നില്‍ മാഡമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ് സിനിമകളിലെ നായികയായ നടി, നടി കൂടിയായ ഗായിക എന്നിവരൊക്കെ സംശയ നിഴലിലായിരുന്നു. കാവ്യാമാധവന്റെ അമ്മയുടെ പേരുപോലും വലിച്ചിഴയ്ക്കപ്പെട്ടു. ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയതായിരുന്നു ഇതിനെല്ലാം കാരണം. പക്ഷേ ഗൂഢാലോചനയില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ തെളിവൊന്നും കിട്ടിയില്ല. ഈ സാഹചര്യത്തില്‍ കാവ്യയേയും റിമി ടോമിയേയും സാക്ഷികളാക്കി. റിമിയുടെ രഹസ്യമൊഴിയും എടുത്തു.

മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. പള്‍സര്‍ സുനി കൈമാറിയ ഫോണ്‍ പ്രതീഷിന്റെ നിര്‍ദേശാനുസരണം താന്‍ കത്തിച്ചുകളഞ്ഞെന്നാണ് രാജുവിന്റെ മൊഴി. എന്നാല്‍ ഈ ഫോണ്‍ ദുബായിലെത്തിയെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ഇതിലേക്ക് അന്വേഷണം എത്താനൊരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ല. നടിയെ ആക്രമിക്കുന്ന രണ്ടര മിനിറ്റ് ദൃശ്യം പൊലീസിന്റെ കൈയിലുണ്ട്.

ഇതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനുള്ള പ്രധാന തെളിവ്. ഇത് ലക്ഷ്യയില്‍ നിന്ന് കിട്ടിയതാണെന്ന പരാമര്‍ശം കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ 12 പ്രതികള്‍ക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചതോടെ വിചാരണ ഉടന്‍ ആരംഭിക്കാനാണ് സാധ്യത. കുറ്റപത്രം വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് അയയ്ക്കും.

കേസിലെ 12 പ്രതികളില്‍ രണ്ട് പേര്‍ മാപ്പു സാക്ഷികളാണ്. ബാക്കിയുള്ള 10 പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍, കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇവരെ ഹാജരാക്കിയ സമയത്ത് അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്. ദിലീപ് എട്ടാം പ്രതിയാണ്. 23 നാണ് കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന കോടതി ആരംഭിച്ചത്. 1500ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളെയും 450ല്‍ അധികം തെളിവുകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്നും നടിയോട് ദിലീപിന് വൈരാഗ്യമുണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം കോടതി പരിഗണിക്കും മുന്‍പ് പകര്‍പ്പും വിശദാംശങ്ങളും പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി എന്നാരോപിച്ച് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം ഈ ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു. കുറ്റപത്രം ചോര്‍ത്തിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് വന്നത് പരിശോധിച്ച് വരികയാണെന്നും പൊലീസ് സത്യവാങ്മൂലം നല്‍കി. ഈ മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലും സുനിയൈ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എആര്‍ ക്യാമ്ബിലെ പൊലീസുകാരന്‍ അനീഷുമാണ് മാപ്പു സാക്ഷികള്‍. നടി മഞ്ജു വാര്യരും സാക്ഷിപ്പട്ടികയിലുണ്ട്. സിനിമാ മേഖലയില്‍ നിന്ന് മാത്രം 50 സാക്ഷികളുണ്ട്.

ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് പുതിയത് നല്‍കിയത്. അക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനില്‍ (9 ാം പ്രതി) സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച് നല്‍കിയ വിഷ്ണു (10ാം പ്രതി). തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ (11 ാം പ്രതി), അഡ്വ രാജു ജോസഫ് (12 ാം പ്രതി) എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.

കുറ്റപത്രത്തില്‍ 355 സാക്ഷികളുണ്ട്. 450 ല്‍ അധികം രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവയാണിത്. നടിയെ ആക്രമിക്കാന്‍ വാടകഗുണ്ടകളുടെ സഹായം തേടിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ അതീവഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശം. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്. പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ അതിവേഗമാക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം.

Advertisement