ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപി കേരള സംസ്ഥാന സമിതി പിരിച്ചുവിടുമെന്ന് അമിത് ഷായുടെ ഭീഷണി; ഞെട്ടി കേരള നേതൃത്വം

17

ചെങ്ങന്നൂര്‍: വടക്കേ ഇന്ത്യയില്‍ നിന്നും ആരംഭിച്ച പടയോട്ടം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും നീണ്ടതോടെ ഉടലെടുത്ത ആത്മവിശ്വാസത്തില്‍ കേരളാ നേതാക്കളെ ഉപദേശിച്ചും ഭീഷണിപ്പെടുത്തിയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മറ്റി പരിച്ചുവിടുമെന്നാണ് അമിത് ഷായഉടെ മുന്നറിയിപ്പ്.

Advertisements

ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായ ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിലെ എല്ലാ നേതാക്കളേയും അവരുടെ പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കിയതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ബിജെപി നേതൃയോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം ഈ ഭീഷണിയായിരുന്നെന്നും സൂചനയുണ്ട്.

ചെങ്ങന്നൂരില്‍ തോറ്റാല്‍ നിലവിലുള്ള എല്ലാ പാര്‍ട്ടി നേതാക്കളേയും ഒഴിവാക്കി പൂര്‍ണ്ണമായും കേന്ദ്ര നേതാക്കളെ കൊണ്ടുവരും. താത്കാലികമായി രൂപീകരിക്കുന്ന കമ്മറ്റിയുടെ നിയന്ത്രണം താന്‍ നേരിട്ട് ഏറ്റെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും അതിനുശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പദ്ധതികള്‍ രൂപീകരിക്കുക ഈ താത്കാലിക കമ്മറ്റിയായിരിക്കും.

എല്ലാ സംസ്ഥാന നേതാക്കളും ഒറ്റയടിക്ക് പുറത്താകുന്ന അവസ്ഥ പാര്‍ട്ടിയെ തെല്ലൊന്നുമല്ല അലട്ടുന്നത്. അതുകൊണ്ടുതന്നെ ചെങ്ങന്നൂരില്‍ എന്തുവിലകൊടുത്തും വിജയിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പി ശ്രീധരന്‍പിള്ളയാണ് ചെങ്ങന്നൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

Advertisement